Quantcast

മമതയുടെ സന്ദർശനത്തിനിടെ മേഘാലയയിൽ തൃണമൂൽ എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു

തൃണമൂൽ എം.എൽ.എയെ കൂടാതെ മറ്റ് മൂന്ന് എം.എൽ.എമാരും ബി.ജെ.പി അംഗത്വമെടുത്തു.

MediaOne Logo

Web Desk

  • Published:

    14 Dec 2022 10:27 AM GMT

മമതയുടെ സന്ദർശനത്തിനിടെ മേഘാലയയിൽ തൃണമൂൽ എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു
X

ഷില്ലോങ്: മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് എച്ച്.എം ഷാങ്പ്ലിയാങ് ഉൾപ്പടെ നാല് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. തൃണമൂൽ എം.എൽ.എയെ കൂടാതെ നാഷണൽ പീപ്പിൾസ് പാർട്ടി എം.എൽ.എമാരായ ഫെർലിൻ സാങ്മ, ബെനഡിക്ട് മരാക്, സ്വതന്ത്ര എം.എൽ.എ സാമുവൽ സാങ്മ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്.

തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ മേഘാലയ പര്യടനം തുടരുന്നതിനിടെയാണ് തൃണമൂൽ എം.എൽ.എയുടെ കൂടുമാറ്റം. ഷാങ്പ്ലിയാങ്, ഫെർലിൻ സാങ്മ, ബെനഡിക്ട് മരാക് എന്നിവർ സ്പീക്കർക്ക് രാജിക്കത്ത് നൽകി ബി.ജെ.പിയിൽ അംഗത്വമെടുത്തു.

അടുത്ത വർഷം മാർച്ചിലാണ് മേഘാലയയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൻ.പി.പി-ബി.ജെ.പി സഖ്യമാണ് നിലവിൽ സംസ്ഥാനത്ത് അധികാരത്തിലുള്ളത്. മിഷൻ മേഘാലയ എന്ന പേരിൽ സംസ്ഥാനത്ത് അധികാരം പിടിക്കാൻ പ്രത്യേക കർമപരിപാടിക്ക് തൃണമൂൽ രൂപം കൊടുത്തിട്ടുണ്ട്. മമതയുടെ മരുമകനും തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറിയുമായ അഭിഷേക ബാനർജിയാണ് സംസ്ഥാനത്ത് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.

ചൊവ്വാഴ്ച ഷില്ലോങ്ങിൽ തൃണമൂൽ പ്രവർത്തകരുടെ കൺവൻഷനിൽ സംസാരിച്ച മമത ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ മേഘാലയെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്ന് മമത ആരോപിച്ചു. മണ്ണിന്റെ മക്കളാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ഉറപ്പാക്കാൻ മേഘാലയയിലെ ജനങ്ങളെ സഹായിക്കാൻ തന്റെ പാർട്ടി ആഗ്രഹിക്കുന്നുവെന്നും മമത പറഞ്ഞു.

TAGS :

Next Story