തമിഴകം തൂക്കി വിജയ്; അനുമോദിക്കാൻ വീട്ടിലേക്ക് ഓടിയെത്തി തൃഷ
തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയാണ് താരം വിജയിയെ കാണാനെത്തിയത്

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന ടിവികെ അപ്രതീക്ഷിത വിജയം നേടിയിരിക്കുകയാണ്. ഭരണകക്ഷിയായ ഡിഎംകെയെയും എഐഎഡിഎംകെയയും നിലംപരിശാക്കി ടിവികെ നൂറിലധികം സീറ്റുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തമിഴകത്ത് ടിവികെ തരംഗം ആഞ്ഞടിക്കുമ്പോൾ ചെന്നൈയിലെ വിജയിയുടെ വസതിയിൽ ഓടിയെത്തിയിരിക്കുകയാണ് നടി തൃഷ. തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയാണ് താരം വിജയിയെ കാണാനെത്തിയത്.
തന്‍റെ 43-ാം ജന്മദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച പുലർച്ചെ തിരുപ്പതി ദർശനം നടത്തിയ തൃഷ, അവിടെ നിന്നാണ് നേരെ ചെന്നൈയിലെത്തിയത്. വെളുത്ത കാറിലെത്തിയ താരം ക്യാമറകൾക്ക് നേരെ പുഞ്ചിരിച്ച ശേഷം വേഗത്തിൽ വീടിനുള്ളിലേക്ക് പ്രവേശിച്ചു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയിയുടെ പാർട്ടി വലിയ മുന്നേറ്റം നടത്തുന്ന പശ്ചാത്തലത്തിലുള്ള തൃഷയുടെ സന്ദർശനം ആരാധകർക്കിടയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
#WATCH | Tamil Nadu: Actor Trisha Krishnan arrives at the residence of TVK chief Vijay, in Chennai.
— ANI (@ANI) May 4, 2026
TVK is currently leading in 106 seats of the total 234 in the state. pic.twitter.com/Sezg1xgYDQ
വോട്ടെണ്ണൽ സൂചനകൾ പുറത്തുവരുമ്പോൾ, തമിഴ് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി അടക്കിഭരിച്ചിരുന്ന ദ്രാവിഡ പാർട്ടികളെ ഞെട്ടിക്കുന്ന പ്രകടനമാണ് വിജയ് കാഴ്ചവെക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉറച്ച കോട്ടയായ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടത് ഡിഎംകെക്ക് വലിയ ആഘാതമായി. ടിവികെയുടെ വി.എസ്. ബാബു ഏകദേശം 8,000 വോട്ടുകൾക്കാണ് സ്റ്റാലിനെ പരാജയപ്പെടുത്തിയത്.
വിജയും തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സിനിമാലോകത്ത് കുറച്ചുകാലമായി സജീവമാണ്. 2023-ൽ പുറത്തിറങ്ങിയ 'ലിയോ' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ഈ വർഷം ആദ്യം ചെന്നൈയിൽ വെച്ചു നടന്ന ഒരു സഹപ്രവർത്തകന്റെ വിവാഹ റിസപ്ഷനിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തതോടെയാണ് ഈ ചർച്ചകൾ വീണ്ടും ശക്തമായത്. ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അഭ്യൂഹങ്ങൾക്കും ആക്കം കൂടി.
വിജയിന്റെ ഭാര്യ സംഗീത സോർണലിംഗം വിവാഹമോചന നടപടികളുടെ വിശദാംശങ്ങൾ പരസ്യമാക്കിയതോടെയാണ് ഈ വിഷയത്തിൽ ചർച്ചകൾ മുറുകിയത്. വിവാഹമോചന ഹരജിയിൽ, വിജയിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് സംഗീത ആരോപിച്ചിരുന്നു. തൃഷയുടെ പേരെടുത്ത് പറയാതെയായിരുന്നു പരാമര്‍ശം. കഴിഞ്ഞ ഡിസംബറിലാണ് വിജയും സംഗീതയും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
Adjust Story Font
16

