Quantcast

'സീതക്ക് ആരുടെ കൂടെ പോകാനാണ് താൽപര്യം? വിഎച്ച്പിയുടെ കൂടെ'; അക്ബർ-സീതാ വിവാദത്തിൽ ട്രോൾമഴ

'പൂജയും കർമങ്ങളും നടക്കുന്നതിനാൽ ഇക്ക ഇനി ഞങ്ങൾ ഓടുന്ന ട്രാക്കിലൂടെ വരരുത്'; നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിനോട് പരശുറാം എക്‌സ്പ്രസ്

MediaOne Logo

Web Desk

  • Updated:

    2024-02-18 12:39:48.0

Published:

18 Feb 2024 12:17 PM GMT

Trolls in Akbar-Sita lion controversy
X

വെസ്റ്റ് ബംഗാളിലെ അക്ബർ -സീത സിംഹങ്ങളുടെ കൂടിനെ ചൊല്ലിയുള്ള തീവ്ര ഹിന്ദുത്വ സംഘടനയുടെ പരാതിക്കെതിരെ ട്രോളുകളിലൂടെയും കാർട്ടൂണിലൂടെയും കടുത്ത വിമർശനം. സിലിഗുരി സഫാരി പാർക്കിൽ അക്ബർ എന്ന് പേരുള്ള സിംഹത്തെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ വിശ്വ ഹിന്ദുപരിഷത് പരാതി നൽകിയതിനെതിരെയാണ് വിമർശനം. ഇൻറർനാഷണൽ ചളു യൂണിയൻ -ഐസിയു, ട്രോൾ സംഘ് എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലടക്കം ട്രോൾമഴയാണ് ട്രോളന്മാർ പെയ്യിക്കുന്നത്.

കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നതായി ആരോപിച്ച് സുദീപ് സെൻ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറിയെ മുൻ നിർത്തി 'ദി സൂ സ്‌റ്റോറി', സിന്ധു നദി അറബിക്കടലിൽ ചേരുന്നത് തടയാനിരിക്കുന്ന സംഘ മിത്രങ്ങൾ, സുലൈമാൻ എന്നെ മറക്കണമെന്ന് ആൺസിംഹത്തോട് പറയുന്ന കുറിയണിഞ്ഞ പെൺസിംഹം എന്നിങ്ങനെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന നിരവധി ട്രോളുകളാണ് ഫേസ്ബുക്കടക്കമുള്ളവയിലെ ട്രോൾ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

പൂജയും കർമങ്ങളും നടക്കുന്നതിനാൽ ഇക്ക ഇനി ഞങ്ങൾ ഓടുന്ന ട്രാക്കിലൂടെ വരരുതെന്ന് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിനോട് പറയുന്ന പരശുറാം എക്‌സ്പ്രസ്, മുസ്‌ലിംകൾ ആ സിംഹത്തിന്റെ ആദ്യമേ മതം മാറ്റാൻ വിട്ടുകൊടുത്താൽ ഈ പ്രശ്‌നമൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് പറയുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എന്നീ ട്രോളുകളും പ്രചരിക്കുന്നു. അയോധ്യയിലെ ബാബരി ഭൂമി രാമക്ഷേത്രത്തിനായി ഹിന്ദുക്കൾക്ക് നേരത്തെ വിട്ടുകൊടുത്തിരുന്നുവെങ്കിൽ സന്തോഷമായേനെയെന്ന് ശശി തരൂർ പറഞ്ഞത് സൂചിപ്പിച്ചാണ് പുതിയ ട്രോൾ.

സീതക്ക് ആരുടെ കൂടെ പോകാനാണ് താൽപര്യമെന്ന് ജഡ്ജി ചോദിക്കുമ്പോൾ വിഎച്ച്പിയുടെ കൂടെയാണെന്ന് സീതാ സിംഹം പറയുന്നതും 'ങേ പോടീ അവിടുന്നെ'ന്ന് പറഞ്ഞ് വിഎച്ച്പി പ്രവർത്തകൻ ഓടുന്നതുമായ മാധ്യമം കാർട്ടൂണിസ്റ്റ് വി.ആർ രാഗേഷിന്റെ കാർട്ടൂണും പ്രചരിക്കുന്നുണ്ട്. മൃഗശാല കാണാൻ പോയ ഹിന്ദുത്വർ ജിറാഫിനെ ജാഫറെന്ന് അന്വേഷിക്കുന്ന ട്രോളും പ്രചരിക്കുന്നുണ്ട്. മൃഗശാലയിൽ വരെ മതപരമായ വേർതിരിവ് കൊണ്ടുവരുന്ന ഹിന്ദുത്വ ആശയത്തെയാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്.

വെസ്റ്റ് ബംഗാൾ വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കി കൽക്കട്ട ഹൈകോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിലാണ് വിശ്വ ഹിന്ദുപരിഷത് ഹരജി സമർപ്പിച്ചത്. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹരജി സമർപ്പിച്ചത്. ഫെബ്രുവരി 20ന് ഹരജിയിൽ വാദം കേൾക്കും. സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങൾക്ക് പേരിട്ടതെന്നും സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ നിന്ദിക്കാനാണെന്നും വി.എച്ച്.പി ആരോപിച്ചു. സിംഹങ്ങളുടെ പേര് മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടു.

'നിരവധി ആളുകളുടെ മതവികാരമാണ് വ്രണപ്പെടുത്തുന്നത്. അതിനാൽ സിംഹത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഞങ്ങൾ കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചു' -വി.എച്ച്.പിയുടെ അഭിഭാഷകൻ ശുഭങ്കർ ദത്ത പറഞ്ഞു.

ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങൾ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം. ഇവ രണ്ടും സെപാഹിജാല സുവോളജിക്കൽ പാർക്കിലാണ് ജനിച്ച് വളർന്നത്. രണ്ടുപേരും ഒരേ ചുറ്റുപാടിൽ കഴിഞ്ഞതിനാലാണ് ഇവിടേക്ക് ഒരുമിച്ച് കൊണ്ടുവന്നത്.

Trolls in Akbar-Sita lion controversy

TAGS :

Next Story