ഹീന കൃത്യത്തിന് ന്യായീകരണമില്ലെന്ന് പുടിൻ, ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പമെന്ന് ട്രംപ്; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ലോകനേതാക്കൾ
സുരക്ഷക്ക് ഭീഷണിയുയർത്തുന്ന മുഴുവൻ ആക്രമണങ്ങളെയും തള്ളുന്നുവെന്ന് യുഎഇ

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ലോകനേതാക്കൾ. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.
'കശ്മീരിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. ഭീകരതയ്ക്കെതിരെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു,' ട്രംപ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ട്രംപ് പിന്തുണ അറിയിച്ചു.
ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്കായി ഞങ്ങൾ പ്രാർഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഞങ്ങളുടെ പൂർണ്ണ പിന്തുണ അറിയിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു
ഹീന കൃത്യത്തിന് ന്യായീകരണമില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് പുടിൻ പ്രതികരിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി മോദിയെയും വിളിച്ചാണ് പുടിൻ ആക്രമണത്തെ അപലപിച്ചത്.'ക്രൂരമായ കുറ്റകൃത്യത്തിന്' യാതൊരു ന്യായീകരണവുമില്ലെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും പുടിൻ പറഞ്ഞു. 'പഹൽഗാമിലെ ഭീകരാക്രമണത്തിൽ ഇരകളായവർ വിവിധ രാജ്യങ്ങളിലെ പൗരന്മാരായിരുന്നു. ആത്മാർഥമായ ദുഖം രേഖപ്പെടുത്തുന്നതായും പുടിൻ അറിയിച്ചു. 'മരിച്ചവരുടെ ഉറ്റവർക്കും പ്രിയപ്പെട്ടവർക്കും ആത്മാർത്ഥമായ പിന്തുണ അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു..അദ്ദേഹം പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ താൻ വളരെയധികം ദുഃഖിതയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. ആക്രമണത്തിൽ ഇരകളാക്കപ്പെട്ടവരുടെകുടുംബങ്ങളോടും, പരിക്കേറ്റവരോടും, സർക്കാരിനോടും, മുഴുവൻ ഇന്ത്യൻ ജനതയോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.മെലോണി പറഞ്ഞു.
യുഎഇ വിദേശകാര്യ മന്ത്രാലയവും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. സുരക്ഷക്ക് ഭീഷണിയുയർത്തുന്ന മുഴുവൻ ആക്രമണങ്ങളെയും തള്ളുന്നുവെന്ന് യുഎഇ അറിയിച്ചു. ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും യുഎഇ വിദേശകാര്യ മന്ത്രാലയവും പറഞ്ഞു.
ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് പ്രതികരിച്ചു.ഞങ്ങളുടെ ഹൃദയങ്ങൾ നിങ്ങളോടൊപ്പമുണ്ട്!' അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. പരിക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മു കാശ്മീർ ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Adjust Story Font
16

