ഇന്ത്യ-പാക് സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് ട്രംപിന്റെ വെളിപ്പെടുത്തൽ: പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്
തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാകിസ്താന്റേതാണോ എന്ന് ട്രംപ് പറയുന്നില്ല

വാഷിങ്ടണ്‍: മേയില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിനിടെ അഞ്ച് ജെറ്റ് വിമാനങ്ങള്‍ തകർക്കപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, തകര്‍ന്ന ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയുടേതാണോ പാകിസ്താന്റേതാണോ എന്ന് ട്രംപ് പറയുന്നില്ല.
വ്യാപാര കരാര്‍ ഉപയോഗിച്ച് ഇരു രാജ്യങ്ങളുംതമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിക്കുകയും ചെയ്തു. വൈറ്റ് ഹൗസില്‍ ഏതാനും റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ക്കൊപ്പമുള്ള അത്താഴവിരുന്നിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍.
അതേസമയം ട്രംപിൻ്റെ വെളിപ്പെടുത്തലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻറിൽ പ്രസ്താവന നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ട്രംപുമായി വർഷങ്ങളായി സൗഹൃദവും ആലിംഗനവും പ്രധാനമന്ത്രി തുടരുകയാണല്ലോ എന്നും ജയറാം രമേശ് പരിഹസിച്ചു. തിങ്കളാഴ്ച പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ട്രംപിന്റെ പരാമര്‍ശം ആയുധമാക്കുന്നത്.
'' ഇത്തവണ യു.എസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ, ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടുവെന്നാണ്. 2019 സെപ്റ്റംബറിൽ ഹൗഡി മോദി, 2020 ഫെബ്രുവരിയിൽ നമസ്‌തേ ട്രംപ് തുടങ്ങി ട്രംപുമായി വർഷങ്ങളുടെ സൗഹൃദവും ആലിംഗനവും പുലർത്തിയ പ്രധാനമന്ത്രി, കഴിഞ്ഞ 70 ദിവസമായി ട്രംപ് എന്താണ് അവകാശപ്പെടുന്നത് എന്നതിനെക്കുറിച്ച് പാർലമെന്റിൽ വ്യക്തമായ പ്രസ്താവന നത്തണം''- ജയറാം രമേശ് വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കു പോർവിമാനം നഷ്ടമായെന്നു സൂചന നൽകി സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ നേരത്തെ രംഗത്ത് എത്തിയിരുന്നു. അതിനു ശേഷം ഇന്ത്യ യുദ്ധതന്ത്രം മാറ്റിയെന്നും ശക്തമായി തിരിച്ചടിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അനില്‍ ചൗഹാന്റെ പ്രതികരണം.
എന്നാല്‍ ആറ് വിമാനങ്ങൾ വെടിവെച്ചിട്ടു എന്ന പാകിസ്താൻ പ്രചാരണം തെറ്റാണെന്നും അനിൽ ചൗഹാൻ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

