'ബ്രിക്‌സിൽ' തുടർന്നാൽ ഇന്ത്യ 10% അധിക തീരുവ നൽകേണ്ടിവരുമെന്ന് ട്രംപ്
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റിയോ ഡി ജനീറോയിലെ ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ജൂലൈ 6 ന് ഇന്ത്യയുൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾ താരിഫുകളെ വിമർശിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു

ന്യൂഡൽഹി: ബ്രിക്സ് കൂട്ടായ്‌മക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിക്‌സിന്റെ അഞ്ച് സ്ഥാപക അംഗങ്ങളിൽ ഒന്നായ ഇന്ത്യക്ക് 10 ശതമാനം അധിക താരിഫ് ഈടാക്കുമെന്നും ട്രംപ് പറഞ്ഞു. 'ബ്രിക്‌സിൽ ആണെങ്കിൽ അവർ (ഇന്ത്യ) 10 ശതമാനം നൽകണം. കാരണം ബ്രിക്‌സ് സ്ഥാപിച്ചത് അമേരിക്കയെ ദ്രോഹിക്കാനും, ഡോളറിനെ താഴ്ത്താനും, അത് ഒരു മാനദണ്ഡമായി മാറ്റാനുമാണ്.' ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റിയോ ഡി ജനീറോയിലെ ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ജൂലൈ 6 ന് ഇന്ത്യയുൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങൾ താരിഫുകളെ വിമർശിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ത്യയെക്കുറിച്ചും ബ്രിക്സ് രാജ്യങ്ങൾ പുറത്തിറക്കിയ പ്രസ്താവനയെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഡോളറിനെ വെല്ലുവിളിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾ 'വലിയ വില നൽകേണ്ടിവരും' എന്ന് ട്രംപ് പറഞ്ഞു.
ബ്രിക്‌സിന്റെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10 ശതമാനം അധിക തീരുവ ഈടാക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാറിൽ ഏർപ്പെടാൻ ശ്രമിക്കുന്ന സമയത്താണ് ഇന്ത്യയെക്കുറിച്ചും അധിക തീരുവകളെക്കുറിച്ചുമുള്ള ട്രംപിന്റെ പ്രസ്താവന.
Adjust Story Font
16

