വിജയ്‌യുടെ കന്നിയങ്കം ചെന്നൈ പെരമ്പൂരിൽ: പ്രമേയം പാസാക്കി തമിഴക വെട്രി കഴകം
മുതിർന്ന നേതാക്കൾ പങ്കെടുത്ത ടിവികെ യോഗം പെരമ്പൂരിൽ വിജയ് മത്സരിക്കണമെന്ന പ്രമേയം പാസാക്കി

- Updated:
2026-02-22 12:58:55.0

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ കന്നിയങ്കം വടക്കൻ ചെന്നൈയിലെ പെരമ്പൂരിലാകുമെന്ന് റിപ്പോര്‍ട്ട്. മുതിർന്ന നേതാക്കൾ പങ്കെടുത്ത ടിവികെ യോഗം, വിജയ് പെരമ്പൂരിൽ മത്സരിക്കണമെന്ന പ്രമേയം പാസാക്കി.
കഴിഞ്ഞ 2 തവണയും അരലക്ഷത്തിലേറെ വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പെരമ്പൂർ. ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് മത്സരിക്കാൻ സാധ്യതയുണ്ട്. നേരത്തെ വേളാച്ചേരി, വിരുഗമ്പാക്കം സീറ്റുകളും വിജയ്ക്കായി ടിവികെ പരിഗണിച്ചിരുന്നു.
പെരമ്പൂരിൽ വിജയിനെ മത്സരിപ്പിക്കാൻ പാർട്ടിയ്ക്ക് നൂറ് ശതമാനം സമ്മതമാണെന്ന് ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് സ്ഥിരീകരിച്ചു. ആദവ് അർജുന കൊണ്ടുവന്ന പ്രമേയം തങ്ങൾ സ്വീകരിച്ചു. ഇക്കാര്യം വിജയിയോട് അഭ്യർഥിക്കുമെന്നും ആനന്ദ് പ്രതികരിച്ചു. ടിവികെ പ്രമേയം വിജയ് അംഗീകരിക്കുമോ എന്നത് നിർണായകമാണ്.
അതേസമയം ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ടിവികെ വ്യക്തമാക്കിയിരുന്നു. ബിജെപിയിൽ നിന്ന് കടുത്ത സമ്മർദമുണ്ടായിട്ടും ഈ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് പാർട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് വ്യക്തമാക്കിയത്.
"മുമ്പ് ബിജെപി സമ്മർദം ചെലുത്തിയിരുന്നില്ല. ഇപ്പോൾ മാത്രമാണ് അവർ അത് തുടങ്ങിയിരിക്കുന്നത്. പല വഴികളിലൂടെ അവർ സമ്മർദം ചെലുത്താൻ ശ്രമിച്ചു. അത് സിബിഐ അന്വേഷണം വരെയും, വിജയിയുടെ ചിത്രം (ജനനായകൻ) തടയുന്നിടം വരെയും എത്തിയിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങള്‍ക്ക് അറിയാമല്ലോ''- ഇങ്ങനെയായിരുന്നു അരുൺ രാജിന്റെ വാക്കുകള്‍. വർഗീയ ശക്തികളുമായി യാതൊരു സഖ്യവുമില്ലെന്ന് മഹാബലിപുരത്തെ പാർട്ടി പരിപാടിയിൽ വിജയ് നടത്തിയ പരാമർശം ജനറല്‍ സെക്രട്ടറി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16
