Quantcast

മകളുടെ മൃതദേഹവുമായി 12 നാൾ നീണ്ട കാത്തിരിപ്പ്; രണ്ടാമത്തെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ട്വിഷക്ക് കണ്ണീരോടെ യാത്രാമൊഴി

കേസിൽ സുപ്രിം കോടതി ഇടപെട്ടത് നീതി ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നതായി പിതാവ് നവനിധി ശർമ്മ പറഞ്ഞു

MediaOne Logo
മകളുടെ മൃതദേഹവുമായി 12 നാൾ നീണ്ട കാത്തിരിപ്പ്; രണ്ടാമത്തെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം  ട്വിഷക്ക് കണ്ണീരോടെ യാത്രാമൊഴി
X

ഭോപ്പാൽ: ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുൻ മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ മൃതദേഹം രണ്ടാമത്തെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മരിച്ച് 12 ദിവസങ്ങൾക്ക് ശേഷം, ഞായറാഴ്ച ഭോപ്പാലിലെ ഭദ്ഭദ വിശ്റാം ഘട്ടിലാണ് അന്ത്യകർമ്മങ്ങൾ നടന്നത്.

മെയ് 12 നാണ് ഭോപ്പാലിലെ ഭർതൃഗൃഹത്തിൽ ട്വിഷയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും ട്വിഷയുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകൾ അവഗണിച്ചുവെന്നും ആരോപിച്ച് കുടുംബം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം എയിംസ് ഡൽഹിയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘമാണ് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയത്.

സംഭവത്തിൽ സുപ്രിം കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. മരണത്തിന് പിന്നാലെ ഒളിവില്‍ പോയ ട്വിഷയുടെ ഭർത്താവും അഭിഭാഷകനുമായ സമർഥ് സിംഗിനെ ജബൽപൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നിലവിൽ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മുൻ ജില്ലാ ജഡ്ജിയായ ഭർതൃമാതാവ് ഗിരിബാല സിംഗിനെതിരെയും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മകളുടെ മൃതദേഹം സംസ്കരിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നത് കടുത്ത മാനസിക വ്യഥയാണുണ്ടാക്കിയതെന്ന് ട്വിഷയുടെ കുടുംബം പ്രതികരിച്ചു. കേസിൽ സുപ്രിം കോടതി ഇടപെട്ടത് നീതി ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നതായി പിതാവ് നവനിധി ശർമ്മ പറഞ്ഞു. വിശദമായ രാസപരിശോധനാ ഫലങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാക്കുകയുള്ളൂ എന്ന് എയിംസ് ഫോറൻസിക് മേധാവി ഡോ. സുധീർ ഗുപ്ത വ്യക്തമാക്കി.

TAGS :

Next Story