Quantcast

എഐഎംഐഎം നേതാവിന്റെ കൊലപാതകം; രണ്ട് പ്രതികൾ അറസ്റ്റിൽ

ജില്ലയിലെ പത്ത് പ്രധാന ക്രിമിനലുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഇരുവരും കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    26 Dec 2023 5:31 AM GMT

Two arrested for Asaduddin Owaisis party leaders murder in Bihar
X

പട്ന: ബിഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയുടെ നേതാവിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. സിവാൻ ജില്ലയിലെ എഐഎംഐഎം നേതാവ് ആരിഫ് ജമാലിന്റെ കൊലപാതകത്തിലാണ് രണ്ട് പേർ പിടിയിലായത്. ആശവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ കരാമൗൽ സ്വദേശി രാജൻ മിശ്ര, എംഎച്ച് ന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇജ്ര ചാന്ദ്പൂർ സ്വദേശി രോഹിത് യാദവ് എന്ന ലാഡ്ല എന്നിവരാണ് ആയുധങ്ങളുമായി പിടിയിലായത്. ഇവരിൽ നിന്ന് വെടിയുണ്ടകളും മയക്കുമരുന്നും പിടിച്ചെടുത്തതായി സിവാൻ പൊലീസ് അറിയിച്ചു.

ആനന്ദ്ന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമേഷ് പഥക് എന്നയാളുടെ വീട്ടിൽ നിന്നാണ് പ്രതികൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഉമേഷ് പഥക്കിന്റെ വീട്ടിൽ സംശയാസ്പദമായി രണ്ടു പേർ തങ്ങുന്നുണ്ടെന്ന വിവരം ലഭിക്കുകയും ഇതിന് പിന്നാലെ എസ്.ഡി.പി.ഒ ഫിറോസ് ആലമിന്റെ നേതൃത്വത്തിൽ എസ്.ഐ.ടി രൂപീകരിച്ച് റെയ്ഡ് നടത്തുകയും ഇരുവരെയും പിടികൂടുകയുമായിരുന്നെന്ന് എസ്പി പറഞ്ഞു.

ജില്ലയിലെ പത്ത് പ്രധാന ക്രിമിനലുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഇരുവരും കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. ഇവരിൽ നിന്ന് രണ്ട് നാടൻ പിസ്റ്റളുകൾ, ആറ് ബുള്ളറ്റുകൾ, ഒരു കിലോഗ്രാം ചരസ്, രണ്ട് മൊബൈൽ ഫോണുകൾ, 1660 രൂപ എന്നിവ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

ജില്ലയിൽ തങ്ങളുടെ മേൽക്കോയ്മ സ്ഥാപിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. ഡിസംബർ 23ന് വൈകീട്ട് ഹുസൈൻഗഞ്ച് പൊലീസ് സ്റ്റേഷന് പരിധിയിലെ ഖുതുബ് ഛപ്രയിൽ സ്ഥിതി ചെയ്യുന്ന ഫാസ്റ്റ് ഫുഡ് കടയിൽ വച്ച് എംഐഎം ജില്ലാ പ്രസിഡന്റ് ആരിഫ് ജമാലിനെ വെടിവച്ച് കൊല്ലുകയായിരുന്നെന്ന് രണ്ട് പ്രതികളും സമ്മതിച്ചതായി എസ്പി പറഞ്ഞു. ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ക്രിമിനൽ റിഷു പാണ്ഡെയുടെ നിർദേശപ്രകാരമാണ് ആരിഫ് ജമാലിനെ കൊലപ്പെടുത്തിയത്.

ബൈക്കിലെത്തിയ അക്രമികൾ തന്റെ തന്റെ ഫാസ്റ്റ് ഫുഡ് സ്റ്റാളിൽ നിൽക്കുകയായിരുന്ന ജമാലിനെ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊലയ്ക്കു ശേഷം ഇതേ വാഹനത്തിൽ തന്നെ പ്രതികൾ പാഞ്ഞുപോവുകയുമായിരുന്നെന്ന് ജമാലിന്റെ മകൻ പറഞ്ഞിരുന്നു.

TAGS :

Next Story