സൈബര്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പ്; ദമ്പതികളിൽ നിന്ന് 50 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ
കള്ളപ്പണക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെയും ഭാര്യയെയും തട്ടിപ്പുകാർ കബളിപ്പിച്ചത്

മുംബൈ: വീഡിയോ കോളിൽ സൈബർ പൊലീസ് ചമഞ്ഞ് ദമ്പതികളെ പറ്റിച്ച് 50 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ. മുംബൈയിലെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനെയും ഭാര്യയെയുമാണ് തട്ടിപ്പുകാർ കബളിപ്പിച്ചത്.
ഒക്ടോബർ 10നായിരുന്നു സംഭവം. നാസിക് പൊലീസാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ ഇവരെ ബന്ധപ്പെട്ടത്. കള്ളപ്പണക്കേസിൽ ദമ്പതികൾക്ക് പങ്കുണ്ടെന്ന് ആരോപിക്കുകയും വിശ്വസിപ്പിക്കുന്നതിന് വേണ്ടി ഇവരുടെ പേരടങ്ങിയ വ്യാജ എഫ്ഐആർ കാണിക്കുകയും തുടർന്ന് എൻഐഎ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാർ ദമ്പതികൾ നിരീക്ഷണത്തിലാണെന്നും അന്വേഷണത്തിന്റെ ഭാഗമായി തുടർച്ചയായി മൂന്ന് ദിവസം വിഡിയോ കോളിൽ തുടരണമെന്നും ആവശ്യപ്പെട്ടു.
തുടർന്നുള്ള ദിവസങ്ങളിൽ ദമ്പതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കി. ഇവരുടെ പക്കലുള്ള പണം പരിശോധിക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയും പണം തന്നിരിക്കുന്ന അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പരിഭ്രാന്തിയിലായ ദമ്പതികൾ ഉടൻ തന്നെ പണമയച്ച് കൊടുത്തു. പണം ലഭിച്ചതോടെ തട്ടിപ്പുകാരുടെ കോൾ നിന്നു. മൂന്ന് ദിവസം നീണ്ട വിഡിയോ കോളിലൂടെയാണ് തട്ടിപ്പുകാർ ദമ്പതികളുടെ പണം കൈക്കലാക്കിയത്.
സംഭവത്തിൽ രവി ആനന്ദ അംബോർ (35), വിശ്വപാൽ ചന്ദ്രകാന്ത് ജാദവ് (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒരേ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഇന്ത്യയിലുടനീളം സമാനമായ ഏഴ് പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയ പൊലീസ് ഇവരിൽ നിന്ന് ഒരു മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
പ്രായമായവരെ കേന്ദ്രീകരിച്ചുള്ള 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകൾ ഇന്ത്യയിലുടനീളം വർധിച്ചുവരുന്നതായി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസോ മറ്റ് അന്വേഷണ ഏജൻസികളോ പണമയക്കാൻ ആവശ്യപ്പെടുകയോ വിഡിയോ കോളിൽ വരുകയോ ഇല്ലെന്നും പൊലീസ് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Adjust Story Font
16

