Quantcast

വിരമിക്കാൻ രണ്ട് മാസം മാത്രം ബാക്കി; ഹരിയാനയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിന് മുന്നിലിട്ട് തല്ലിക്കൊന്നു

വീടിന് പുറത്ത് ഒരു സംഘം ബഹളം വയ്ക്കുന്നത് തടയാൻ ശ്രമിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം.

MediaOne Logo

Web Desk

  • Published:

    7 Nov 2025 8:20 PM IST

Two Months Before Retirement, Haryana SI Beaten To Death Outside His House,
X

Photo| Special Arrangement

ഛണ്ഡീ​ഗഢ്: ഹരിയാനയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിന് മുന്നിലിട്ട് തല്ലിക്കൊന്നു. എഡിജിപി ഓഫീസിലെ ഉദ്യോ​ഗസ്ഥനായ സബ് ഇൻസ്പെക്ടർ രമേശ് കുമാറാണ് കൊല്ലപ്പെട്ടത്. ഹിസാറിലെ ധ്യാനി ശ്യാംലാൽ പ്രദേശത്ത് വ്യാഴാഴ്ച രാത്രി 11ഓടെയാണ് സംഭവം.

വീടിന് പുറത്ത് ഒരു സംഘം ബഹളം വയ്ക്കുന്നത് തടയാൻ ശ്രമിച്ചതിനു പിന്നാലെയായിരുന്നു 57കാരനായ എസ്ഐയെ അക്രമികൾ തല്ലിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു. കട്ടകളും കമ്പുകളും ഉപയോ​ഗിച്ചായിരുന്നു ആക്രമണം.

ബഹളം വച്ചതിന് ഉദ്യോ​ഗസ്ഥൻ ശകാരിച്ചതോടെ സംഘം മടങ്ങിപ്പോയി. എന്നാൽ പ്രശ്നം അവിടംകൊണ്ട് തീർന്നിരുന്നില്ല. ആയുധങ്ങളുമായി മടങ്ങിയെത്തിയ സംഘം പൊലീസ് ഉദ്യോ​ഗസ്ഥന്റെ വീടിന് മുന്നിലെത്തി അസഭ്യം പറയുകയും വീണ്ടും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെ ചോദിക്കാനായി പുറത്തിറങ്ങിയ ഉദ്യോ​ഗസ്ഥനെ ഇവർ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

തലയ്ക്കടക്കം ​ഗുരുതരമായി പരിക്കേറ്റ രമേശ് കുമാർ സംഭവസ്ഥലത്തുവച്ച് തന്നെ മരണത്തിന് കീഴടങ്ങി. ആക്രമണം കണ്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ പ്രതികൾ കാറിലും ബൈക്കിലുമായി രക്ഷപെട്ടു. തുടർന്ന്, കുടുംബം പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തതായും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാർ സാവൻ പറഞ്ഞു. പൊലീസ് ഉദ്യോ​ഗസ്ഥന്റെ അതേ സ്ഥലത്ത് തന്നെയാണ് അക്രമികളുടെയും വീടുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. അക്രമികൾ ഉപയോ​ഗിച്ച കാറും സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു. ഉദ്യോ​ഗസ്ഥൻ അടുത്ത വർഷം ജനുവരിയിൽ വിരമിക്കാനിരിക്കെയാണ് കൊലപാതകം.

TAGS :

Next Story