Quantcast

അമൃത്പാൽ സിങ്ങിനെതിരെ രണ്ട് കേസുകൾ കൂടി; കോടതിക്ക് മുന്നിൽ ഹാജരാക്കാൻ 'വാരിസ് പഞ്ചാബ് ദേ'യുടെ ഹരജി

'വാരിസ് പഞ്ചാബ് ദേ'യുടെ നിയമകാര്യ സെക്രട്ടറി ഇമാൻ സിങ് ഖാരയാണ് ഹേബിയസ് കോർപസ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    19 March 2023 4:36 PM GMT

Two More Cases Filed Against Khalistani Leader Amritpal Singh
X

ചണ്ഡീ​ഗഢ്: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്. ജലന്ധറിൽ ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്ന് ആയുധം കണ്ടെടുക്കുകയും പൊലീസ് ബാരിക്കേഡുകൾ ഭേദിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടാണ് അമൃത്പാൽ സിങ്ങിനും കൂട്ടർക്കുമെതിരെ പുതിയ കേസെടുത്തത്.

പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ തീവ്ര സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവായ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ പൊലീസ് വൻ സന്നാഹമൊരുക്കിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

സംഘാർഷാവസ്ഥ ഒഴിവാക്കാൻ പഞ്ചാബിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നും ഇയാളുടെ വാഹനത്തെ പൊലീസ് പിന്തുടർന്നെങ്കിലും വഴിമധ്യേ കാറൊഴിവാക്കി ഒരു ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു. എന്നാൽ ഇയാളുടെ നാല് സഹായികളെ അറസ്റ്റ് ചെയ്തു.

പഞ്ചാബ് പൊലീസ് ശനിയാഴ്ച നടപടി ശക്തമാക്കുകയും 'വാരിസ് പഞ്ചാബ് ദേ'യുടെ 78 പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് ഇയാൾ രക്ഷപെട്ടത്. പൊലീസ് ഇയാൾക്കായി വലവിരിച്ചെങ്കിലും സമാന്തര റോഡ് വഴി ജലന്ധറിലേക്ക് രക്ഷപ്പെടുകയായിരുന്നു. അമ്പതോളം വാഹനങ്ങളിലാണ് പൊലീസ് അമൃത്പാലിനെ പിന്തുടർന്നത്.

ശനിയാഴ്ച അമൃത്പാൽ സിങ്ങിന്റെ വാഹനവ്യൂഹത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്ന വാഹനത്തിൽ നിന്ന് ആയുധവും ഡസൻ കണക്കിന് വെടിയുണ്ടകളും കണ്ടെടുത്തതിന് പിന്നാലെയാണ് ഞായറാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ജലന്ധർ റേഞ്ച്) സ്വപൻ ശർമ പറഞ്ഞു.

ഞായറാഴ്ചയാണ് ജലന്ധറിലെ ഷാഹ്‌കോട്ടിലെ സലേമ ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട കാർ പൊലീസ് കണ്ടത്. ജലന്ധറിലെ പൊലീസ് ബാരിക്കേഡുകൾ തകർത്തതിനാണ് അമൃത്പാൽ സിങ്ങിനും കൂട്ടർക്കുമെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ശർമ പറഞ്ഞു. നേരത്തെ, അജ്‌നാല പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ ഫെബ്രുവരി 24ന് അമൃത്പാൽ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

അതേസമയം, അമൃത്പാൽ സിങ്ങിനെ കോടതിയിൽ ഹാജരാക്കണം എന്നാവശ്യപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ വാരിസ് പഞ്ചാബ് ദേ നേതാവ് ഹരജി നൽകിയിട്ടുണ്ട്. 'വാരിസ് പഞ്ചാബ് ദേ'യുടെ നിയമകാര്യ സെക്രട്ടറി ഇമാൻ സിങ് ഖാരയാണ് ഹേബിയസ് കോർപസ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ ഹേബിയസ് കോർപസ് വാദം കേട്ടതിന് പിന്നാലെ പഞ്ചാബ് സർക്കാരിന് കോടതി നോട്ടീസ് അയച്ചു. കേസിൽ ചൊവ്വാഴ്ച വാദം നടക്കും.

TAGS :

Next Story