ബിഷ്ണോയിയെ ഗുജറാത്തിലെ ജയിലില്‍ നിന്ന് മുംബൈയിൽ എത്തിക്കാൻ ധൈര്യമുണ്ടോ? ഫഡ്നാവിസിനെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ
ഗുജറാത്തിലെ ജയിലിലിരുന്നുകൊണ്ട് ഭീഷണി മുഴക്കാൻ ബിഷ്ണോയിക്ക് സാധിക്കുന്നത് അതിശയകരമാണെന്നും താക്കറെ

മുംബൈ: ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയെ ചോദ്യം ചെയ്യാനായി മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വെല്ലുവിളിച്ച് ശിവസേന ഉദ്ധവ് വിഭാഗം തലവന്‍ ഉദ്ധവ് താക്കറെ.
ഫഡ്നാവിസിന് ധൈര്യമുണ്ടെങ്കിൽ ബിഷ്ണോയിയെ ഗുജറാത്ത് ജയിലിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യട്ടേയെന്ന് താക്കറെ പറഞ്ഞു. ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പ് സംഭവത്തിന്റെ പശ്ചാതലത്തിലായിരുന്നു ഉദ്ധവിന്റെ പ്രതികരണം.
ശിവസേനയുടെ വാർഷിക ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഉദ്ധവ് താക്കറയുടെ വെല്ലുവിളി. തനിക്ക് എഴുപതിനായിരത്തിലധികം ഷൂട്ടർമാരുണ്ടെന്നാണ് ലോറൻസ് ബിഷ്ണോയ് അവകാശപ്പെടുന്നത്. ഗുജറാത്ത് ജയിലിലിരുന്നുകൊണ്ട് ഇത്തരമൊരു ഭീഷണി മുഴക്കാൻ സാധിക്കുന്നത് അതിശയകരമാണെന്ന് താക്കറെ ചൂണ്ടിക്കാട്ടി.
"മഹാരാഷ്ട്രയുടെ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ ആ ബിഷ്ണോയിയെ ഗുജറാത്ത് ജയിലിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരട്ടെ, എന്നിട്ടൊരു പാഠം പഠിപ്പിക്കട്ടെ. വെറുതെ പറഞ്ഞാല്‍ പോരാ, പ്രവൃത്തിയിലൂടെ ഫഡ്നാവിസ് ഇതൊക്കെ കാട്ടിക്കൊടുക്കുകയാണ് വേണ്ടത്''- അദ്ദേഹം പറഞ്ഞു.
ബോളിവുഡ് താരങ്ങൾക്ക് നേരെ, പ്രത്യേകിച്ച് സൽമാൻ ഖാന് നേരെ ബിഷ്ണോയ് സംഘം ഉയർത്തുന്ന ഭീഷണികൾ ഈ വെടിവെപ്പ് സംഭവത്തോടെ വീണ്ടും ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. നിലവിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ബിഷ്ണോയ്, ഇന്ത്യയിലും പുറത്തുമുള്ള കൂട്ടാളികൾ വഴിയാണ് തന്റെ ശൃംഖല പ്രവർത്തിപ്പിക്കുന്നതെന്നാണ് ആരോപണം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുകാര്‍ ബിഷ്ണോയിയിയെ ചോദ്യംചെയ്യുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്.
Adjust Story Font
16

