Quantcast

'സവർക്കർ ഞങ്ങളുടെ ദൈവം, അപമാനിക്കുന്നത് നിർത്തുക'; രാഹുലിന് മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

''ബി.ജെ.പി നിങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ സമയം നമുക്കിടയിൽ വിള്ളലുണ്ടായാൽ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് പോകും''

MediaOne Logo

Web Desk

  • Updated:

    2023-03-27 12:54:10.0

Published:

27 March 2023 9:20 AM GMT

Uddhav Thackeray Warning  Rahul Gandhi,Rahul Gandhis Not Savarkar Remark ,രാഹുലിന് മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെSavarkar,latest news malayalam
X

മുംബൈ: എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിന് പിന്നാലെ 'മാപ്പ് പറയാൻ എന്റെ പേര് സവർക്കറല്ല' എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. സവർക്കർ ഞങ്ങളുടെ ദൈവമാമെന്നും അദ്ദേഹത്തെ അപഹസിക്കുന്നത് സഹിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 'ഞങ്ങളുടെ ദൈവത്തെ അപമാനിക്കുന്നത് നിർത്തുക. ഇല്ലെങ്കിൽ പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാകുമെന്നും അദ്ദേഹം പഞ്ഞു.'

'ഈ രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് നമ്മൾ ഒരുമിച്ചത്. എന്നാൽ വിള്ളലുകൾ സൃഷ്ടിക്കുന്ന പ്രസ്താവനകൾ നടത്തരുത്. ബിജെപി നിങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ സമയം നമുക്കിടയിൽ വിള്ളലുണ്ടായാൽ നമ്മുടെ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് പോകുമെന്നാണ് എനിക്ക് രാഹുലിനോട് പറയാനുള്ളത്.' ഉദ്ധവ് താക്കറെ പറഞ്ഞു.

'ആൻഡമാൻ സെല്ലുലാർ ജയിലിൽ 14 വർഷം സവർക്കർ അനുഭവിച്ചത് നമുക്കൊന്നും സങ്കൽപ്പിക്കാനാവാത്ത പീഡനമാണ്. നമുക്ക് കഷ്ടപ്പാടുകൾ വായിച്ചറിയാനേ കഴിയൂ. അതൊക്കെ വലിയ ത്യാഗമാണ്. സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ല,' ഉദ്ധവ് താക്കറെ പറഞ്ഞു.

'നിങ്ങൾ കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്നു, സഞ്ജയ് റാവത്ത് നിങ്ങളോടൊപ്പം നടന്നു, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്നാണ് രാഹുൽ ഗാന്ധിയോട് എനിക്ക് പറയാനുണ്ട്. എന്നാൽ ഈ പോരാട്ടം ജനാധിപത്യം സംരക്ഷിക്കാനുള്ളതാണെന്ന് രാഹുൽ ഗാന്ധിയോട് തുറന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു'. ഉദ്ധവ് മുന്നറിയിപ്പ് നൽകി.

2019ൽ മഹാരാഷ്ട്രയിൽ സഖ്യസർക്കാർ രൂപീകരിച്ചതു മുതൽ കോൺഗ്രസും ഉദ്ധവ് താക്കറെയുടെ ശിവസേനയും എൻസിപിയും സഖ്യത്തിലാണ്. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയാണ് ഷിൻഡെ അധികാരത്തിലെത്തിയത്.

കഴിഞ്ഞ വർഷം ഭാരത് ജോഡോ യാത്രയ്ക്കിടെ സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയ വിമർശനം കോൺഗ്രസും ഉദ്ധവ് താക്കറെയുടെ പാർട്ടിയും തമ്മിൽ ഭിന്നത സൃഷ്ടിച്ചിരുന്നു. താക്കറെയുടെ ഉന്നത സഹായി സഞ്ജയ് റാവത്ത് രാഹുൽ ഗാന്ധിയുടെ മാർച്ചിൽ പങ്കെടുത്തതോടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുകയായിരുന്നു.

എം.പി സ്ഥാനം അയോഗ്യനാക്കിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് 'മോദി കുടുംബപ്പേര്' പരാമർശത്തിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിനാമ് 'എന്റെ പേര് സവർക്കറല്ല. എന്റെ പേര് ഗാന്ധിയാണ്, ഗാന്ധി മാപ്പ് പറയുന്നില്ല. എന്ന് രാഹുൽ മറുപടി നൽകിയത്.

ശിവസേന മുഖപത്രമായ സാമ്നയും രാഹുൽ ഗാന്ധിയുടെ പരാമർശത്തെ അപലപിച്ചു. 'അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സംഭവിച്ചത് അനീതിയാണ്, എന്നാൽ സവർക്കറെ അപമാനിച്ച് സത്യത്തിന്റെ പോരാട്ടത്തിൽ വിജയിക്കാൻ അദ്ദേഹത്തിന് കഴിയില്ല. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച കുടുംബത്തിലാണ് ഗാന്ധി ജനിച്ചത്, സവർക്കറുടെയും കുടുംബം രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്, സവർക്കറെ അപമാനിക്കുന്നത് രാഹുൽ ഗാന്ധിയോടുള്ള സഹതാപം കുറയ്ക്കും,' എഡിറ്റോറിയൽ പറയുന്നു.

'മോദി കുടുംബപ്പേര്' എന്ന പരാമർശത്തിന്റെ പേരിൽ ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്.

TAGS :

Next Story