Quantcast

വിസി പദവിയിലേക്ക് ഇനി വ്യവസായ പ്രമുഖരും; ഗവർണർമാർക്ക് പൂർണ അധികാരം നൽകി യുജിസിയുടെ കരട് ചട്ടം

പുതിയ ഭേദഗതി പ്രകാരം 55 ശതമാനം മാർക്കോടെ എംഇ, എംടെക് ബിരുദം നേടിയവർക്ക് അസിസ്റ്റന്റ് പ്രൊഫസർമാരാവം. നെറ്റ് പരീക്ഷ പാസാവേണ്ട ആവശ്യമില്ല.

MediaOne Logo

Web Desk

  • Updated:

    2025-01-07 09:52:44.0

Published:

7 Jan 2025 12:41 PM IST

UGC’s New Rules To Hire Vice-Chancellors
X

ന്യൂഡൽഹി: വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർമാർക്ക് പൂർണ അധികാരം നൽകുന്ന പുതിയ പരിഷ്‌കാരവുമായി യുജിസി. 2018ലെ യുജിസി നിയമഭേദഗതി അനുസരിച്ച് 10 വർഷം പ്രൊഫസറായി സേവനം ചെയ്തവരും ഗവേഷണരംഗത്ത് ഗൈഡായി പ്രവർത്തിച്ചവർക്കും മാത്രമേ വിസിമാരാവാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ പുതിയ പരിഷ്‌കാരം അനുസരിച്ച് വ്യവസായ പ്രമുഖർക്കും പൊതുഭരണരംഗത്ത് കഴിവ് തെളിയിച്ചവർക്കും വിസിമാരാവാം. ഉന്നത വിദ്യാഭ്യാസരംഗത്ത് അധ്യാപകരും അക്കാദമിക് സ്റ്റാഫും ആവാനുള്ള മിനിമം യോഗ്യത പരിഷ്‌കരിക്കുന്ന കരട് ചട്ടം കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കിയത്.

പുതിയ ഭേദഗതി പ്രകാരം 55 ശതമാനം മാർക്കോടെ എംഇ, എംടെക് ബിരുദം നേടിയവർക്ക് അസിസ്റ്റന്റ് പ്രൊഫസർമാരാവം. യുജിസി നെറ്റ് പരീക്ഷ പാസാവേണ്ട ആവശ്യമില്ല. നിലവിൽ അസിസ്റ്റന്റ് പ്രൊഫസർമാരാവാൻ നെറ്റ് നിർബന്ധമാണ്. കരട് ചട്ടങ്ങൾക്ക് യുജിസി ഡിസംബറിൽ തന്നെ അംഗീകാരം നൽകിയിരുന്നു.

ഈ പരിഷ്‌കാരങ്ങൾ ഉന്നതവിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും നവീകരണവും ഉൾക്കൊള്ളലും ചലനാത്മകതയും കൊണ്ടുവരും. അധ്യാപകരെയും അക്കാദമിക് രംഗത്ത് പ്രവർത്തിക്കുന്നവരെയും ശാക്തീകരിക്കുകയും അക്കാദമിക് നിലവാരം ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസ മികവ് കൈവരിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കേന്ദ്ര, സംസ്ഥാന, സ്വകാര്യ, കൽപ്പിത സർവകലാശാലകൾക്ക് പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. എല്ലാ സർവകലാശാലകളും കോളജുകളും ആറുമാസത്തിനുള്ളിൽ പരിഷ്‌കാരം നടപ്പാക്കണം.

ഗവർണർമാർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ പരിഷ്‌കാരം. വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി അധ്യക്ഷനെ ചാൻസലർ നിർദേശിക്കും. രണ്ടാമത്തെ അംഗത്തെ യുജിസി ചെയർമാൻ നാമനിർദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യൂട്ടീവ് കൗൺസിൽ, ബോർഡ് ഓഫ് മാനേജ്‌മെന്റ് തുടങ്ങിയ സമിതികൾക്ക് മൂന്നാമത്തെ അംഗത്തെ നിർദേശിക്കാം. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ സർക്കാർ-ഗവർണർ പോര് രൂക്ഷമായ പശ്ചാത്തലത്തിൽ കൂടിയാണ് പരിഷ്‌കാരം.

TAGS :

Next Story