ഉമർ ഖാലിദിന് വേഗത്തിലുള്ള വിചാരണക്ക് അവകാശമുണ്ട്, ജാമ്യം തന്നെയാണ് നിയമം: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്
നിശ്ചിത സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ, തടവ് എന്നത് തന്നെ ഒരു ശിക്ഷയായി മാറുമെന്നും ചന്ദ്രചൂഢ് പറഞ്ഞു

- Published:
18 Jan 2026 6:55 PM IST

ജയ്പൂർ: സമീപകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ജാമ്യാപേക്ഷയിൽ പ്രതികരിച്ച് സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. വേഗത്തിലുള്ള വിചാരണക്ക് ഉമർ ഖാലിദിന് അവകാശമുണ്ടെന്നും ഇക്കാര്യം കോടതികൾ പരിഗണിക്കണമെന്നും ചന്ദ്രചൂഢ് പറഞ്ഞു. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വീർ സാങ്‌വിയുമായുള്ള സംവാദത്തിലാണ് ചന്ദ്രചൂഢിന്റെ പ്രതികരണം.
ജാമ്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ നിബന്ധനകൾ ഏർപ്പെടുത്താം. ഉമർ ഖാലിദിന്റെ നീണ്ടുനിൽക്കുന്ന തടവിനെക്കുറിച്ചുള്ള ചോദ്യത്തോട് വളരെ സൂക്ഷ്മതയോടെയാണ് ചന്ദ്രചൂഢ് പ്രതികരിച്ചത്. ''ഞാൻ എന്റെ കോടതിയെ വിമർശിക്കുകയല്ല, പൊതുജനസമ്മർദമോ മുൻവിധികളോ നോക്കിയല്ല, മറിച്ച് തങ്ങളുടെ മുന്നിലുള്ള തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ജഡ്ജിമാർ ജാമ്യത്തിൽ തീരുമാനമെടുക്കേണ്ടത്. നിശ്ചിത സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ, തടവ് എന്നത് തന്നെ ഒരു ശിക്ഷയായി മാറുന്നു. ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിൽ വേഗത്തിലുള്ള വിചാരണക്കുള്ള അവകാശവും ഉൾപ്പെടുന്നു, ജാമ്യം നിയന്ത്രിക്കുന്ന നിയമങ്ങൾക്കുപോലും ഭരണഘടനാപരമായ ഉറപ്പുകളെ മറികടക്കാൻ കഴിയില്ല''- ചന്ദ്രചൂഢ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ വേഗത്തിലുള്ള വിചാരണ സാധ്യമല്ലെങ്കിൽ, ജാമ്യം എന്നത് അപവാദമല്ല, അതൊരു നിയമമായിരിക്കണമെന്ന് ചന്ദ്രചൂഢ് പറഞ്ഞു. ജാമ്യാപേക്ഷകളിൽ തീരുമാനമെടുക്കുമ്പോൾ ദേശീയ സുരക്ഷ എന്ന അവകാശവാദത്തിന് മുന്നിൽ കോടതികൾ അന്ധമായി കീഴടങ്ങണം എന്ന ആശയത്തെ അദ്ദേഹം തള്ളി. ദേശീയ സുരക്ഷ യഥാർഥത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ദീർഘകാലത്തെ തടവ് നീതീകരിക്കത്തക്കതാണോ എന്നും പരിശോധിക്കാൻ കോടതികൾക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം, ശിക്ഷിക്കപ്പെടാതെ തന്നെ വ്യക്തികൾ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരും, ഇത് നീതിയുടെ തന്നെ വക്രീകരണമാണ്.
തന്റെ ഭരണകാലത്ത് സുപ്രിംകോടതി ഏകദേശം 21,000 ജാമ്യാപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ടെന്നും, ഇതിൽ പൊതുശ്രദ്ധ നേടാത്ത നിരവധി കേസുകൾ ഉൾപ്പെടുന്നുണ്ടെന്നും ചന്ദ്രചൂഢ് പറഞ്ഞു. പൊജനരോഷം തൃപ്തിപ്പെടുത്തുകയല്ല, മറിച്ച് ഭരണഘടനാപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് കോടതിയുടെ ദൗത്യം. ജാമ്യം തടയാവുന്ന മൂന്ന് സാഹചര്യങ്ങളാണുള്ളത്.പ്രതി കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെങ്കിൽ ജാമ്യം നൽകരുത്. ലൈംഗികാതിക്രം പോലുള്ള കേസുകൾ ഇതിന് ഉദാഹരണമാണ്. പ്രതി രാജ്യം വിട്ടുപോകാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെങ്കിൽ ജാമ്യം നിഷേധിക്കരുത്. ഈ കാരണങ്ങൾ ഇല്ലെങ്കിൽ പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് മുൻ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Adjust Story Font
16
