Quantcast

'എന്റെ മകന്റെ വാക്കുകൾ സ്വതന്ത്രമാണ്, എന്നാൽ അവനല്ല'; ഉമർ ഖാലിദിന്റെ മാതാവിന്റെ കുറിപ്പ്

ഉമർ ഖാലിദ് രചിച്ച 2026ൽ പ്രസിദ്ധീകരിച്ച നോൺ-ഫിക്ഷൻ പുസ്തകമാണ് 'ഫ്രാക്ചേർഡ് കമ്മ്യൂണിറ്റീസ്: ആദിവാസി ഹിസ്റ്ററീസ് ആൻഡ് ദ പൊളിറ്റിക്സ് ഓഫ് പവർ'

MediaOne Logo

Web Desk

  • Updated:

    2026-08-09 12:39:36

Published:

9 Aug 2026 5:55 PM IST

എന്റെ മകന്റെ വാക്കുകൾ സ്വതന്ത്രമാണ്, എന്നാൽ അവനല്ല; ഉമർ ഖാലിദിന്റെ മാതാവിന്റെ കുറിപ്പ്
X

'ഫ്രാക്ചേർഡ് കമ്യൂണിറ്റീസ്: ആദിവാസി ഹിസ്റ്ററീസ് ആൻഡ് പവർ' എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പികൾ വീട്ടിലെത്തിയപ്പോൾ, ഞാനും എന്റെ ഭർത്താവും ചേർന്നാണ് ആ പാഴ്സൽ തുറന്നത്. വളരെനേരം ഞങ്ങൾ ആ മുഖചിത്രത്തിലേക്ക് നോക്കിനിന്നു. അതൊരു സന്തോഷകരമായ സായാഹ്നമാകേണ്ടതായിരുന്നു. ഞങ്ങളുടെ സന്തോഷം കണ്ട് പുഞ്ചിരിച്ചുകൊണ്ട്, ഞങ്ങൾക്കായി ഒരു കോപ്പിയിൽ ഒപ്പിട്ടുനൽകാൻ ഞങ്ങളുടെ മകൻ അവിടെ ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ അതിനുപകരം, വിചാരണ പോലുമില്ലാതെ കഴിഞ്ഞ ആറ് വർഷത്തോളമായി അവൻ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയാണ്.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ തന്റെ ഗവേഷണ പഠനങ്ങളിൽ നിന്നാണ് ഉമറിന്റെ ഈ പുസ്തകം പിറവിയെടുത്തത്. 2018 ജൂലൈയിലാണ് അവൻ തന്റെ തീസിസ് സമർപ്പിച്ചത്. അപ്പോഴേക്കും അവനുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുകയും, ജയിൽവാസം അനുഭവിക്കുകയും, അവൻ വർഷങ്ങൾ ചിലവഴിച്ച സർവകലാശാലയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റും, ക്രൂരമായ മാധ്യമ വിചാരണകളും, ജീവന് നേരെയുള്ള ഭീഷണികളും, കോടതി വ്യവഹാരങ്ങൾക്കുമിടയിൽ സമയം കണ്ടെത്തി അവൻ എഴുതിയിരുന്നത് ഞാൻ ഓർക്കുന്നു. ലൈബ്രറികളുടെ സുഖസൗകര്യങ്ങളിൽ ഇരുന്ന് തയ്യാറാക്കുന്ന ഒന്നാണ് ഗവേഷണ പ്രബന്ധം എന്നാണ് ചിലരുടെയെങ്കിലും ധാരണ. എന്നാൽ അവന്റെ പ്രബന്ധം എഴുതപ്പെട്ടത് അനിശ്ചിതത്വത്തിന്റെ നിഴലിലാണ്; തന്റെ സ്വാതന്ത്ര്യം ഇനി ജീവിതകാലം മുഴുവൻ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുമെന്ന നിരന്തരമായ തിരിച്ചറിവിലാണ് അവൻ അതെഴുതിയത്.

ബ്രിട്ടീഷ് ഭരണകാലത്തെ സിംഗ്ഭൂമിലെ ആദിവാസി സമൂഹങ്ങളെക്കുറിച്ചാണ് ഉമർ ഈ പുസ്തകത്തിൽ പരിശോധിക്കുന്നത്. അവർ ഒരിക്കലും ഒരൊറ്റ സമൂഹമായിരുന്നില്ലെന്നും, കൊളോണിയൽ ഭരണത്തോട് പലവിധത്തിൽ പ്രതികരിച്ച വ്യത്യസ്ത സമൂഹങ്ങളായിരുന്നു അവരെന്നും അവൻ വാദിക്കുന്നു; അവരുടെ ചരിത്രത്തെ ഒരൊറ്റ വിവരണത്തിലേക്ക് ചുരുക്കാനാവില്ലെന്നും പുസ്തകം പറയുന്നു. ഇപ്പോൾ ഇത് വായിക്കുമ്പോൾ, ആദിവാസി ചരിത്രത്തിനപ്പുറം ഇത് എത്രത്തോളം സത്യമാണെന്ന് ഞാൻ ചിന്തിച്ചുപോകുന്നു. വർഷങ്ങളായി ആളുകൾ എന്റെ മകനെ അവർക്ക് സൗകര്യപ്രദമായ രീതിയിൽ മാത്രം ചിത്രീകരിക്കുന്നത് ഞാൻ കാണുന്നുണ്ട്. അവനെ പിന്തുണയ്ക്കുന്നവർ പലപ്പോഴും അവന്റെ ഒരു വശം മാത്രമേ കാണുന്നുള്ളൂ. എതിർക്കുന്നവരാകട്ടെ അതിലും കുറച്ചാണ് അവനെ മനസിലാക്കിയിട്ടുള്ളത്. എന്നാൽ ഈ പുസ്തകം നമ്മോട് ആവശ്യപ്പെടുന്നത് കേൾക്കാനാണ്; ലളിതമായ ശരിതെറ്റുകൾക്കപ്പുറമുള്ള സങ്കീർണതകളെ ഉൾക്കൊള്ളാനാണ്.

പുസ്തകത്തിന് അവതാരിക എഴുതിയ രാമചന്ദ്ര ഗുഹ, ഒരു ഇന്ത്യൻ ഗവേഷകൻ എഴുതിയ ഏറ്റവും മികച്ച ഡോക്ടറൽ പ്രബന്ധങ്ങളിലൊന്ന് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഉമറിന്റെ മാതാവെന്ന നിലയിൽ ഇത് വായിച്ചപ്പോൾ എനിക്ക് അതിയായ അഭിമാനം തോന്നി. അന്യായമായ തടവ് ജീവിതത്തിന്റെ ഈ വർഷങ്ങളെ അത്രമേൽ ധൈര്യത്തോടെയും അന്തസോടെയും അതിജീവിച്ചതിലാണോ, അതോ എന്റെ മുന്നിലിരിക്കുന്ന ഈ വാക്കുകളിലാണോ ഞാൻ കൂടുതൽ അഭിമാനിക്കേണ്ടത് എന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഒരു മാതാപിതാക്കളും തങ്ങളുടെ കുട്ടിയുടെ നേട്ടങ്ങളെ, ജയിലിലടയ്ക്കപ്പെട്ട വർഷങ്ങളുടെ കണക്കുകൾ വെച്ച് അളക്കാൻ ആഗ്രഹിക്കില്ല. എന്നിട്ടും ഈ വർഷങ്ങൾ അങ്ങനെയായിത്തീർന്നിരിക്കുന്നു.

ഉമറിന് ഒരു പുസ്തകശാലയിൽ പോയി തന്റെ സ്വന്തം പുസ്തകം കാണാൻ കഴിയില്ലെന്നത് എന്നെ സങ്കടപ്പെടുത്തുന്നു. പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാനോ വായനക്കാരോട് സംസാരിക്കാനോ അവന് കഴിയില്ല. പക്ഷേ, ആ പുസ്തകം അതിന്റേതായ ഒരു യാത്ര തുടങ്ങിക്കഴിഞ്ഞു എന്നത് എനിക്ക് സന്തോഷം നൽകുന്നു. അതിന്റെ രചയിതാവിന് കഴിയാത്ത വിധത്തിൽ പുസ്തകത്തിന് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയും. ഒരാളുടെ പാണ്ഡിത്യം പ്രസിദ്ധീകരിക്കപ്പെടുകയും, പ്രശംസിക്കപ്പെടുകയും, വ്യാപകമായി വായിക്കപ്പെടുകയും ചെയ്യുമ്പോൾ, അവനെ തടവിലാക്കിയിരിക്കുന്ന ഭരണകൂടത്തിന് ആറ് വർഷമായിട്ടും അവനെതിരെയുള്ള കേസ് വിചാരണയ്ക്ക് എത്തിക്കാൻ കഴിയാത്തത് ഒരു ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം എന്താണ് അർഥമാക്കുന്നതെന്ന് എനിക്കറിയില്ല. കോടതി അന്തിമമായി എന്ത് തീരുമാനിച്ചാലും, ഈ കാത്തിരിപ്പ് തന്നെ ഒരു ശിക്ഷയായി മാറിയിരിക്കുന്നു.

യുഎപിഎ പ്രകാരം നാലര വർഷത്തോളം ജയിലിൽ കഴിഞ്ഞ കശ്മീരി മനുഷ്യാവകാശ പ്രവർത്തകൻ പർവേസ് ഖുറാമിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത് അധികം നാളുകൾക്ക് മുമ്പല്ല. കസ്റ്റഡിയിൽ കഴിഞ്ഞ നീണ്ട കാലയളവും, വിചാരണ പെട്ടെന്നൊന്നും അവസാനിക്കാൻ സാധ്യതയില്ലെന്നതും അദ്ദേഹത്തിന് ജാമ്യം അനുവദിക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണെന്ന് കോടതി പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഉമറിന് ജാമ്യം നിഷേധിച്ച അതേ ജഡ്ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. അപ്പോഴേക്കും വിചാരണയില്ലാതെ ഉമർ അഞ്ച് വർഷം ജയിലിൽ കഴിഞ്ഞിരുന്നു. ഷർജീൽ ഇമാം അതിലും കൂടുതൽ കാലം ജയിലിൽ കിടന്നു. വിചാരണ വൈകുന്നത് ജാമ്യം നൽകാൻ പര്യാപ്തമായ കാരണമല്ല എന്നാണ് ഉമറിന്റെ ഉത്തരവിൽ കോടതി പറഞ്ഞത്. ഒരേ നിയമം, ഒരേ ജഡ്ജിക്ക് മുന്നിൽ, എങ്ങനെയാണ് ഇത്രയും വ്യത്യസ്തമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നത്?

സുപ്രിംകോടതിയുടെ ബെഞ്ചുകൾ തന്നെ ഇക്കാര്യത്തിൽ പരസ്പരം വിയോജിച്ചിട്ടുണ്ട്. ഒരു വ്യക്തി വിചാരണയില്ലാതെ വർഷങ്ങളോളം കസ്റ്റഡിയിൽ കഴിയുമ്പോൾ, യുഎപിഎയുടെ കർശന വ്യവസ്ഥകൾ വഴിമാറണമെന്നും ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന് മുൻഗണന നൽകണമെന്നും കെ.എ നജീബിന്റെ കേസിൽ കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീടുള്ള ഒരു വിധി ഈ കീഴ്‌വഴക്കത്തെ എങ്ങനെ മറികടക്കാൻ അനുവദിച്ചുവെന്ന് മറ്റൊരു വിധിന്യായത്തിൽ ചോദ്യം ചെയ്യപ്പെട്ടു. പുറത്തുനിന്ന് നോക്കുന്നവർക്ക് ഇതെല്ലാം കേവലം നിയമപരമായ ചോദ്യങ്ങളായി തോന്നാം. എന്നാൽ ഞങ്ങളെപ്പോലുള്ള കുടുംബങ്ങൾക്ക്, ഇത് ഓരോ വർഷം കഴിയുന്തോറും ക്ഷീണിതരാകുന്ന മാതാപിതാക്കളുടെ കണ്ണീരാണ്; സഹോദരനില്ലാതെ ഓരോ ആഘോഷങ്ങളും കടന്നുപോകുന്നത് കാണേണ്ടി വരുന്ന സഹോദരിമാരുടെ സങ്കടമാണ്; സ്വന്തം അമ്മാവൻ വീട്ടിലുണ്ടാകുന്നത് എങ്ങനെയെന്നറിയാതെ, പിഞ്ചുകുഞ്ഞുങ്ങളിൽ നിന്ന് സ്കൂൾ വിദ്യാർഥികളായി വളർന്ന അനന്തരവൻമാരുടെ നഷ്ടങ്ങളാണ്; ഒരിക്കലും തിരിച്ചുകിട്ടാത്ത വർഷങ്ങളുടെ വേദനയാണ്.

ഒരു ജനാധിപത്യം വിലയിരുത്തപ്പെടുന്നത് അത് നിർമിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ല, അതിൻ കീഴിൽ ജീവിക്കുന്നവരോട് അത് എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കി കൂടിയാണെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. ആളുകൾക്ക് സ്വയം പ്രതിരോധിക്കാൻ ന്യായമായ അവസരം നൽകുന്നുണ്ടോ, എത്രകാലം അവർക്ക് കാത്തിരിക്കേണ്ടി വരുന്നു, ഒരു ആയുസ് അവസാനിക്കുന്നതിന് മുൻപ് നീതി നടപ്പിലാക്കാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചാണ് ജനാധിപത്യം വിലയിരുത്തപ്പെടുന്നത്.

'ഫ്രാക്ചേർഡ് കമ്യൂണിറ്റീസ്' എന്ന പുസ്തകം നിങ്ങൾ വായിക്കേണ്ടത് അതിന്റെ രചയിതാവ് ജയിലിലാണെന്ന കാരണത്താൽ മാത്രമല്ല, മറിച്ച് അതൊരു മികച്ച അക്കാദമിക സൃഷ്ടി കൂടിയായതുകൊണ്ടാണ്. നാം വളരെ ലളിതമായി കാണുന്ന ചരിത്രം, അധികാരം, മനുഷ്യജീവിതങ്ങൾ എന്നിവയെക്കുറിച്ച് ആ പുസ്തകം തുടങ്ങിവെക്കുന്ന സംഭാഷണങ്ങൾ തന്നെ, വിചാരണയില്ലാതെ വർഷങ്ങളോളം അതിന്റെ രചയിതാവിനെ ജയിലിലടച്ചിരിക്കുന്ന അധികാര ഘടന ഏതു തരത്തിലുള്ളതാണെന്ന് നിങ്ങളെക്കൊണ്ട് ചോദിപ്പിക്കാൻ പര്യാപ്തമാണ്. ഒരുപക്ഷേ, ആ പുസ്തകം വായിക്കുമ്പോൾ, മറ്റുള്ളവർ അവർക്ക് തോന്നിയതുപോലെ ഇക്കാലമത്രയും സംസാരിച്ചുകൊണ്ടിരുന്ന ആ വ്യക്തിയെ നിങ്ങൾക്ക് കുറച്ചുകൂടി അടുത്തറിയാൻ കഴിഞ്ഞേക്കാം. അവന്റെ പുസ്തകം വായിക്കുന്നതിലൂടെ, അവന്റെ സ്വന്തം ശബ്ദത്തിൽ നിങ്ങൾക്ക് അവനെ കേൾക്കാൻ സാധിക്കും.

(ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ മാതാവ് സബീഹ ഖാനും ദ് ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ കുറിപ്പ്)

(ജയിലിൽ കഴിയുന്ന ഇന്ത്യൻ മനുഷ്യാവകാശ പ്രവർത്തകനും മുൻ ജെഎൻയു വിദ്യാർഥിയുമായ ഉമർ ഖാലിദിന്റെ മാതാവാണ് ഡോ. സബീഹ ഖാനും. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപിച്ച് 2020 സെപ്റ്റംബർ മുതൽ യുഎപിഎ പ്രകാരം ജയിലിൽ കഴിയുന്ന തന്റെ മകനുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് അവർ)

TAGS :

Next Story