ഉമർ ഖാലിദ് ദേശീയവാദി, ഗോഡ്‌സേയെ ആരാധിക്കുന്ന എബിവിപിക്ക് അദ്ദേഹത്തെ കുറിച്ച് പറയാൻ അവകാശമില്ല: കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദ്
ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിക്കുന്നത് വിലക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടിരുന്നു

ബെംഗളൂരു: ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ദേശീയവാദിയെന്ന് കർണാടക കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ്. ഗോഡ്‌സേയെ ആരാധിക്കുന്ന എബിവിപിക്ക് ഉമർ ഖാലിദിനെക്കുറിച്ച് സംസാരിക്കാൻ യാതൊരു ധാർമിക അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിക്കുന്നത് വിലക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തിനെതിരെയാണ് രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടാണ് ബി.കെ. ഹരിപ്രസാദ് രംഗത്തെത്തിയത്.
'ഉമർ ഖാലിദ് ഒരു ദേശീയവാദിയാണ്. ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയും രാജ്യദ്രോഹിയുമായ നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നവരാണ് എബിവിപിക്കാർ. അവർക്ക് ഉമർ ഖാലിദിനെക്കുറിച്ച് സംസാരിക്കാൻ യാതൊരു അവകാശവും ധാർമികതയുമില്ല,' ബി.കെ ഹരിപ്രസാദ് പറഞ്ഞു. ലളിത് വച്ചാനി സംവിധാനം ചെയ്ത 'പ്രിസണർ നമ്പർ 626710 ഈസ് പ്രസൻ്റ്' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി രംഗത്തെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിൻ്റെ പ്രതികരണം. സുരക്ഷാ കാരണങ്ങളും സാങ്കേതിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി വിദ്യാർഥി സംഘടന തീരുമാനിച്ചിരുന്ന ഡോക്യുമെൻ്ററി പ്രദർശനം സർവ്വകലാശാല അധികൃതർ പിന്നീട് മാറ്റിവെച്ചിരുന്നു.
ഡോക്യുമെന്ററി പ്രദർശനം പൂർണമായും റദ്ദാക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് എബിവിപി ബെംഗളൂരു ഘടകം കേന്ദ്ര മന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവർക്കാണ് കത്ത് നൽകിയത്. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പരിപാടിക്ക് അനുമതി നൽകിയ സർവ്വകലാശാല അധികൃതർക്കെതിരെ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് എബിവിപിയുടെ ആവശ്യം.
Adjust Story Font
16

