Quantcast

നിയമപഠനം പൂർത്തിയാക്കാൻ പറ്റാത്തത് പകയായി; കോടതികളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം, ഒടുവിൽ പിടിയിൽ

തന്റെ ഐഡന്റിറ്റിയും ലൊക്കേഷനും മറച്ചുവെക്കാൻ അതീവ ജാഗ്രതയാണ് ഇയാൾ പുലർത്തിയിരുന്നത്. സ്വന്തം ഐപി അഡ്രസ്സ് മാറ്റിമറിച്ചും വിപിഎൻ ഉപയോഗിച്ചുമാണ് ഇയാൾ ഇമെയിലുകൾ അയച്ചിരുന്നത്

MediaOne Logo
നിയമപഠനം പൂർത്തിയാക്കാൻ പറ്റാത്തത് പകയായി; കോടതികളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം, ഒടുവിൽ പിടിയിൽ
X

ബംഗളുരു: നാല് മാസത്തിനിടടെ 1100 വ്യാജ ബോംബ് ഭീഷണി അയച്ച കർണാടക സ്വദേശി പിടിയിൽ. മൈസൂരു സ്വദേശിയായ ശ്രീനിവാസ് ലൂയിസ് (47) ആണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പൊലീസിനെ ആഴ്ചകളോളം കുഴപ്പിച്ച ശേഷമാണ് ഇയാൾ വലയിലായത്. വ്യാജ ബോംബ് ഭീഷണികളിൽ ഭൂരിഭാഗവും കോടിതികളിലേക്ക് അയച്ചവയായിരുന്നു. ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി അയച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോൾ മറുപടി കേട്ട പൊലീസ് പോലും ഒന്ന് ഞെട്ടി. ബിരുദാനന്തര ബിരുദത്തിന് ശേഷം ചേർന്ന നിയമപഠനം പൂർത്തിയാക്കാനായില്ല. ഇതിന്റെ പകക്കാണ് വ്യാജ സന്ദേശം അയച്ചു തുടങ്ങിയത്.

തന്റെ ഐഡന്റിറ്റിയും ലൊക്കേഷനും മറച്ചുവെക്കാൻ അതീവ ജാഗ്രതയാണ് ഇയാൾ പുലർത്തിയിരുന്നത്. സ്വന്തം ഐപി അഡ്രസ്സ് മാറ്റിമറിച്ചും വിപിഎൻ ഉപയോഗിച്ചുമാണ് ഇയാൾ ഇമെയിലുകൾ അയച്ചിരുന്നത്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഇയാൾ ഇന്റർനെറ്റ് കണക്ഷനുകളും മറ്റും എടുത്തിരുന്നത്. പൊലീസ് ഇയാളുടെ വിലാസം തിരഞ്ഞു പോയപ്പോൾ 20 വർഷം മുൻപ് താമസിച്ചിരുന്ന സ്ഥലത്താണ് എത്തിയത്. നിലവിലെ താമസക്കാർക്ക് ഇയാളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഒരു മാസത്തോളം മൈസൂരുവിൽ തമ്പടിച്ച് ഡൽഹി പൊലീസ് നടത്തിയ നിരീക്ഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.

ഇയാളുടെ ഫോൺ കോളുകൾ പരിശോധിച്ച പൊലീസിന് ചില അയൽക്കാരുമായി ഇയാൾ നിരന്തരം തർക്കത്തിലേർപ്പെടാറുള്ളതായി വിവരം ലഭിച്ചു. 112 ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ഇയാൾ അയൽക്കാർക്കെതിരെ പരാതികൾ വിളിച്ചു പറയാറുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു അയൽവാസിയുടെ നമ്പറിൽ നിന്ന് ലഭിച്ച വിവരമാണ് പ്രതിയെ തിരിച്ചറിയാൻ നിർണ്ണായകമായത്. ഇയാളുടെ നീക്കങ്ങൾ സ്ഥിരീകരിച്ച ശേഷം പൊലീസ് നടത്തിയ മിന്നൽ റെയ്ഡിലാണ് ലൂയിസ് പിടിയിലായത്.

രണ്ട് മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ജോലിയില്ലാത്തതിലുള്ള മാനസിക വിഷമവും നിയമപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിലുള്ള നിരാശയുമാണ് കോടതികളെ ലക്ഷ്യം വെക്കാൻ കാരണമെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഡൽഹി, ജമ്മു കശ്മീർ, കേരളം, ഛത്തീസ്ഗഡ്, ഇൻഡോർ എന്നിവിടങ്ങളിലെ കോടതികളിലേക്കാണ് ഇയാൾ പ്രധാനമായും ഭീഷണി സന്ദേശങ്ങൾ അയച്ചത്.

TAGS :

Next Story