പെരുമാറ്റ പ്രശ്നം നിയന്ത്രിക്കാനാവുന്നില്ല; 12കാരനെ വീടിനുള്ളിൽ സ്ഥിരമായി ചങ്ങലയ്ക്കിട്ട് ജോലിക്ക് പോയി മാതാപിതാക്കൾ
ചൈൽഡ് ഹെൽപ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതരെത്തി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

- Published:
4 Jan 2026 8:05 AM IST

മുംബൈ: കുട്ടിയുടെ പെരുമാറ്റ പ്രശ്നങ്ങൾ നിയന്ത്രിക്കാനാവാതെ ദിവസേന വീടിനുള്ളിൽ ചങ്ങലയ്ക്കിട്ട ശേഷം ജോലിക്ക് പോയി മാതാപിതാക്കൾ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 12 വയസുകാരനായ മകനെയാണ് രണ്ട് മാസമായി മാതാപിതാക്കൾ പൂട്ടിയിട്ടിരുന്നത്.
ചൈൽഡ് ഹെൽപ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ശിശുസംരക്ഷണ സമിതി അധികൃതരും പൊലീസുമെത്തി കുട്ടിയെ മോചിപ്പിച്ചു. തുടർന്ന്, ആവശ്യമായ ചികിത്സയ്ക്കും കൗൺസലിങ്ങിനുമായി ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ചു. മകന്റെ പെരുമാറ്റ പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെ വന്നതോടെയാണ് തങ്ങൾ ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് കൂലിപ്പണിക്കാരായ മാതാപിതാക്കൾ പറയുന്നത്.
കൈയിലും കാലിലും ചങ്ങലയും കയറും കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു കുട്ടിയെന്നും ഒരു പ്ലാസ്റ്റിക് ബക്കറ്റിനുള്ളിലായിരുന്ന അവന് ആവശ്യത്തിന് ചലിക്കാനാവുമായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. എല്ലാ ദിവസവും രാവിലെ ഒമ്പത് മണിയോടെയാണ് മാതാപിതാക്കൾ കുട്ടിയെ പൂട്ടിയിട്ട ശേഷം പണിക്ക് പോയിരുന്നത്. അവർ തിരികെയെത്തുന്നത് വരെ കുട്ടി അനങ്ങാൻ പോലുമാവാതെ കിടക്കേണ്ട അവസ്ഥയായിരുന്നു.
ഇതുമൂലം കുട്ടി ഏറെ ക്ഷീണിതനും ഭയപ്പെട്ട അവസ്ഥയിലും മാനസികാഘാതത്തിലുമായിരുന്നെന്ന് പൊലീസ് പറയുന്നു. കുട്ടി മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ മോഷ്ടിക്കുന്നത് പതിവായിരുന്നെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. തങ്ങൾ നിസഹായരാണെന്നും ഒരു തരത്തിലും അവനെ നിയന്ത്രിക്കാനാവാതെ വന്നതോടെയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് മാതാപിതാക്കളുടെ വാദമെന്നും എന്നാൽ അത് കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതര ലംഘനമാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് അജ്നി പൊലീസ് സ്റ്റേഷനിൽ നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും മാതാപിതാക്കൾ സഹായത്തിനായി ശിശുക്ഷേമ അധികാരികളെ സമീപിച്ചിരുന്നില്ല. പകരം അവന്റെ വിദ്യാഭ്യാസം നിർത്തിവയ്ക്കുകയും പൂട്ടിയിടുകയുമാണ് അവർ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള തുടർനടപടികൾക്കായി ശിശുക്ഷേമ സമിതിക്ക് കൈമാറിയതായും അജ്നി പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ നിതിൻ രാജ്കുമാർ അറിയിച്ചു.
Adjust Story Font
16
