Quantcast

യു.പിയിൽ ജില്ലാ കോടതിക്ക് പുറത്ത് വിചാരണത്തടവുകാരൻ വെടിയേറ്റ് മരിച്ചു; പൊലീസുകാരന് പരിക്ക്

രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

MediaOne Logo

Web Desk

  • Published:

    17 Aug 2022 11:15 AM GMT

യു.പിയിൽ ജില്ലാ കോടതിക്ക് പുറത്ത് വിചാരണത്തടവുകാരൻ വെടിയേറ്റ് മരിച്ചു; പൊലീസുകാരന് പരിക്ക്
X

ലഖ്‌നൗ: ഉത്തർപ്രദേശിൽ ജില്ലാകോടതിക്ക് പുറത്ത് വിചാരണത്തടവുകാരൻ വെടിയേറ്റ് മരിച്ചു. ലഖൻ സിംഗ് (30) ആണ് കൊല്ലപ്പെട്ടത്.

ഹാപൂർ ജില്ലയിൽ ചൊവ്വാഴ്ച രാവിലെ 10.45ഓടെയാണ് സംഭവം. ധൗലാന പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ നടന്ന കൊലപാതകക്കേസിലെ പ്രതിയാണ് ലഖൻ സിംഗ്. ഇതിന്‍റെ വിചാരണക്കായാണ് ഇയാളെ കോടതിയിലേക്ക് കൊണ്ടുവന്നത്. പൊലീസ് വാഹനത്തിൽ നിന്ന് ഹാപൂർ ജില്ലാ കോടതിയുടെ പുറത്ത് ഇറങ്ങിയപ്പോഴാണ് മറഞ്ഞിരുന്ന അജ്ഞാതരായ അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർത്തത്. വെടിയേറ്റ ഉടനെ ലഖൻ സിംഗ് നിലത്തുവീണു. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

ലഖൻ സിംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമികൾ ഓടി രക്ഷപ്പെടുന്നതിന് മുമ്പ് അഞ്ച് റൗണ്ട് വെടിയുതിർത്തു. വെടിവെയ്പിൽ പൊലീസ് കോൺസ്റ്റബിൾ ഓം പ്രകാശിന് പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

അഞ്ച് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളിലൊരാളായ സുനിൽ നോയിഡയിലെ പ്രാദേശിക കോടതിയിൽ കീഴടങ്ങിയതായും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായി ഇയാളെ അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. കോട്‍വാലി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സോംവീർ സിങ്ങിനെയും കച്ചഹേരി പൊലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ രമേഷ് ചന്ദ്രയെയും പൊലീസ് സൂപ്രണ്ട് (ഹാപൂർ) ദീപക് ഭുക്കർ സസ്‌പെൻഡ് ചെയ്തു.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ക്രമസമാധാന വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. സംഭവസ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story