Quantcast

ഡല്‍ഹി ഇടനാഴിയില്‍ സുവേന്ദു അധികാരിയും ഋതബ്രതയും തമ്മിലെ ഒരു 'അപ്രതീക്ഷിത' കൂടിക്കാഴ്ച; 13 ദിവസം കൊണ്ട് തൃണമൂൽ കോൺഗ്രസ് പിളര്‍ന്നത് ഇങ്ങനെ...

സുവേന്ദുവിന്റെയും ഋതബ്രതയുടെയും ഡൽഹി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കാര്യങ്ങൾ അതിവേഗമാണ് മാറിമറിഞ്ഞത്

MediaOne Logo
ഡല്‍ഹി ഇടനാഴിയില്‍ സുവേന്ദു അധികാരിയും ഋതബ്രതയും തമ്മിലെ ഒരു അപ്രതീക്ഷിത കൂടിക്കാഴ്ച; 13 ദിവസം കൊണ്ട് തൃണമൂൽ കോൺഗ്രസ് പിളര്‍ന്നത് ഇങ്ങനെ...
X

കൊല്‍ക്കത്ത: മേയ് 22ന് ഡൽഹിയിലെ ബംഗാൾ ഭവനിൽ വെച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയും ടിഎംസി എംഎൽഎ ഋതബ്രത ബാനർജിയും തമ്മിൽ നടന്ന 'അപ്രതീക്ഷിത' കൂടിക്കാഴ്ച, വെറും 13 ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന രാഷ്ട്രീയത്തെ തന്നെ മാറ്റിമറിച്ചു.

മേയ് 4ന് പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ തൃണമൂൽ കോൺഗ്രസിനുള്ളിൽ ആഭ്യന്തര തർക്കങ്ങൾ പുകയുന്നുണ്ടായിരുന്നു. നേതൃത്വത്തിന്റെ തീരുമാനങ്ങളിലുള്ള അതൃപ്തിയും പാർട്ടിയിലെ അധികാര നിയന്ത്രണങ്ങളെച്ചൊല്ലിയുള്ള ഭിന്നതകളും കാരണം പാർട്ടി യോഗങ്ങളിൽ പല നേതാക്കളും വിട്ടുനിന്നിരുന്നു. അഭിഷേക് ബാനർജിയുടെ വളർന്നുവരുന്ന സ്വാധീനത്തിലും പാർട്ടിയിലെ ആഭ്യന്തര ഭരണസംവിധാനത്തിലും ഒരു വിഭാഗം നേതാക്കൾക്ക് ദീർഘകാലമായി കടുത്ത അതൃപ്തിയുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് ഡൽഹിയിലെ ബംഗാൾ ഭവനിലെ ഇടനാഴിയില്‍ വെച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഉലുബേരിയ ഈസ്റ്റിൽ നിന്നുള്ള ടിഎംസി എംഎൽഎ ഋതബ്രത ബാനർജിയും അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത്. തന്റെ താമസസൗകര്യം ഒഴിയുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഡൽഹിയിലെത്തിയതായിരുന്നു ഋതബ്രത ബാനർജി. ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന തികച്ചും സൗഹൃദപരമായ ഒരു കൂടിക്കാഴ്ച മാത്രമായിരുന്നു അതെന്നാണ് ഋതബ്രത ആദ്യം പ്രതികരിച്ചതെങ്കിലും, പിന്നീട് ബംഗാള്‍ രാഷ്ട്രീയത്തില്‍ കണ്ടത് മമത എന്ന വന്‍മരം പടിപടിയായി കടപുഴകുന്ന കാഴ്ച.

ഡൽഹി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കാര്യങ്ങൾ അതിവേഗമാണ് മാറിമറിഞ്ഞത്. തൃണമൂലിലെ വിമത നീക്കത്തിന്റെ മുഖമായി ഋതബ്രത ബാനർജി മാറി. ആകെ 80 എംഎൽഎമാരുള്ള തൃണമൂൽ കോൺഗ്രസിൽ നിന്ന് 60 പേരുടെ പിന്തുണ ഉറപ്പാക്കാൻ ഋതബ്രതയുടെ നേതൃത്വത്തിനായി. തങ്ങളെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ ഒപ്പുകൾ അടങ്ങിയ കത്ത് വിമതർ നിയമസഭാ സ്പീക്കർക്ക് കൈമാറുകയും സ്പീക്കർ ഇവർക്ക് പ്രത്യേക വിഭാഗമായി അംഗീകാരം നൽകുകയും ചെയ്തു. ഇതിന് പിന്നാലെ 60 വിമത എംഎൽഎമാരും ചേർന്ന് ഋതബ്രത ബാനർജിയെ സഭയിലെ തങ്ങളുടെ പുതിയ നേതാവായി തെരഞ്ഞെടുത്തു.

ഇതോടെ തൃണമൂലിന്റെ നിലവിലുള്ള പാർലമെന്ററി പാർട്ടി നേതൃത്വത്തെ അട്ടിമറിച്ച്, ഋതബ്രത ബാനർജി നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവാകുകയും ചെയ്തു. മമത ബാനർജിയുടെ നേതൃത്വത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് പാർട്ടിയിലെ ഈ പുതിയ പിളർപ്പ്. കോൺഗ്രസിൽ നിന്ന് പിണങ്ങി 1998ൽ മമത ബാനർജി രൂപീകരിച്ചതിന് ശേഷം, ടിഎംസിയിൽ (തൃണമൂൽ കോൺഗ്രസ്) ഉണ്ടാകുന്ന ആദ്യത്തെ ഔദ്യോഗിക പിളർപ്പാണിത്. അതായത് 28 വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി പിളര്‍ന്നിരിക്കുന്നു.

TAGS :

Next Story