ഹൈദരാബാദിൽ സിപിഐ നേതാവ് ചന്തു റാത്തോഡിനെ വെടിവച്ചു കൊന്നു
പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു

ഹൈദരാബാദ്: ഹൈദരാബാദിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ചന്തു റാത്തോഡിനെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി. മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ 7.30നാണ് സംഭവം. സ്വിഫ്റ്റ് കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
അക്രമിസംഘത്തിൽ മൂന്നോ നാലോ പേരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു റാത്തോഡ്. അക്രമികൾ മുളകുപൊടി വിതറിയപ്പോൾ റാത്തോഡ് ഓടാൻ ശ്രമിക്കുന്നതിനിടെ പല തവണ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. നാട്ടുകാര്‍ ഓടിക്കൂടുന്നതിനു മുൻപ് തന്നെ അക്രമികൾ അവരുടെ വാഹനത്തിൽ കയറി രക്ഷപ്പെട്ടു.
ദേവരുപ്പലയിൽ നിന്നുള്ള സിപിഐ (എംഎൽ) നേതാവായ രാജേഷുമായി തന്‍റെ ഭർത്താവിന് നിരന്തരമായ ശത്രുതയുണ്ടെന്ന് റാത്തോഡിന്‍റെ ഭാര്യ ആരോപിച്ചു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോ കാരണം എന്ന് കണ്ടെത്താൻ പൊലീസ് പരിശോധിച്ചുവരികയാണ്. തെക്ക് കിഴക്കൻ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഫോറൻസിക് സംഘങ്ങളുമായി സ്ഥലത്തെത്തി.കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൊലയാളികളെ തിരിച്ചറിയാനും പിടികൂടാനും പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16

