വികസന പദ്ധതികളൊന്നുമില്ല; കേന്ദ്ര ബജറ്റിൽ കേരളത്തിന് സമ്പൂര്‍ണ നിരാശ
ആകെ ധാതു ഖനന ഇടനാഴി മാത്രമാണ് ലഭിച്ചത്

ഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റിൽ കേരളത്തിന് സമ്പൂര്‍ണ നിരാശ. വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഇടംപിടിച്ചില്ല. ആകെ ധാതു ഖനന ഇടനാഴി മാത്രമാണ് ലഭിച്ചത്. കൂടാതെ കടലാമ സംരക്ഷണത്തിനുള്ള പദ്ധതിയുമാണ് കേരളത്തിന് ലഭിച്ചത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസും ഇത്തവണ കേരളത്തിന് ലഭിച്ചില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. പൂനെ - മുംബൈ, പൂനെ - ഹൈദരാബാദ്, ബംഗളുരു - ചെന്നൈ, ഹൈദരാബാദ് - ബംഗളൂരു, ഹൈദരാബാദ് - ചെന്നൈ , ഡൽഹി - വാരണാസി, വാരണാസി - സിലിഗുരി റൂട്ടുകളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തെ അഗണിച്ചതിൽ സംസ്ഥാനത്ത് നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു.
കേന്ദ്രബജറ്റിൽ കേരളത്തോട് കടുത്ത അവഗണനയും വിവേചനവും മന്ത്രി പി.രാജീവ് പ്രതികരിച്ചു. അർഹമായ നികുതി വിഹിതവും നൽകിയില്ല . അതിവേഗ റെയിൽ, എയിംസ് ഉൾപ്പെടെയുള്ള പദ്ധതികൾ അനുവദിച്ചില്ല . കിനാലൂരിൽ എയിംസിന് സ്ഥലം അടക്കം ഏറ്റെടുത്തെങ്കിലും അനുവദിച്ചിട്ടില്ല. പ്രഖ്യാപിച്ച ധാതു ഇടനാഴി കേരളത്തിന്‍റെ ധാതു പുറത്തേക്കു കൊണ്ടുപോകാനാണോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തെ പൂർണമായും കേന്ദ്രം തഴഞ്ഞുവെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. പതിനാറാം ധനകാര്യ കമ്മിഷൻ നിർദേശിച്ച വിഹിതം 41 ആയി തന്നെ നിലനിർത്തി. കേരളത്തിന് എയിംസില്ല. ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞിട്ടുണ്ട്. അതിലും കേരളം ഉണ്ടാകാൻ സാധ്യതയില്ല. ജലപാതകൾ ഒഡിഷക്ക് നൽകി. കേരളത്തിന് നൽകിയില്ല. ഡോളറിനെതിരെ രൂപയുടെ വില ഇടിയുന്നതിനെക്കുറിച്ച് കുറിച്ച് പരാമർശനം ഇല്ല. കേരളം തെരഞ്ഞെടുപ്പിലേക്ക് പോകുന്നതുകൊണ്ട് കണ്ണിൽ പൊടിയിടാൻ എങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതി. ഇ.ശ്രീധരനെ ഉപയോഗിച്ച് ബിജെപി കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. കേരളം കബളിപ്പിക്കപ്പെട്ടുവെന്നും എംപി കൂട്ടിച്ചേര്‍ത്തു. കേരളം ആമയെ പോലെ ആകണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
കേന്ദ്ര ബജറ്റിൽ മുദ്രാവാക്യങ്ങൾ അല്ലാതെ ഒന്നും ഇല്ലെന്ന് ആന്‍റോ ആന്‍റണി എംപി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ കടം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് മറികടക്കാൻ നടപടികളില്ല. രാജ്യം നേരിടുന്ന ഒരു പ്രശ്നത്തിനും പരിഹാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

