കേന്ദ്ര ബജറ്റ്; പാർലമെന്റിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം
പ്രതിപക്ഷ വിമർശനം ഉയർന്നതോടെ ബജറ്റിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തി
ന്യൂഡൽഹി: കോർപറേറ്റുകളെയും വൻകിടക്കാരെയും മാത്രം ലക്ഷ്യവെച്ച ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം. ഇന്ത്യ നേരിടുന്ന യഥാർഥ പ്രതിസന്ധികളെ കാണാതെയുള്ള ബജറ്റാണ് ഇതെന്നും രാജ്യത്തെ യുവാക്കൾ തൊഴിലില്ലാതെ വലയുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബജറ്റിനെതിരെ പ്രതിപക്ഷ വിമർശനം ഉയർന്നതോടെ ബജറ്റിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തി.
വികസിത ഭാരതത്തിലേക്കുള്ള നിർണായക നീക്കമാണ് ബജറ്റെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോൾ ദിശാബോധം ഇല്ലാത്ത ബജറ്റാണ് ഇന്നലെ രാജ്യം കണ്ടതെന്നാണ് പ്രതിപക്ഷ വിമർശനം. ഇന്ന് സഭ നടപടികൾ ആരംഭിക്കുമ്പോ ബജറ്റ് ഉയർത്തി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. കൂടാതെ, കേരളം ഉൾപ്പടെ ബജറ്റിൽ അവഗണന നേരിട്ട പ്രതിപക്ഷ സംസ്ഥാനങ്ങളും പ്രതിഷേധിക്കും. ഇന്നലെ ബജറ്റ് അവതരണ വേളയിൽ തന്നെ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധിച്ചിരുന്നു. ഇൻഫ്രാസ്ട്രക്ചർ നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ തൊഴിൽ അവസരങ്ങളും സ്വകാര്യ നിക്ഷേപവും വർധിക്കുമെന്നാണ് ബജറ്റിനെ ന്യായീകരിച്ച ബിജെപി പ്രതികരണം.
കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ് മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകുമ്പോൾ അവർക്ക് അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം ലഭിക്കില്ലേയെന്നുമാണ് മന്ത്രി ചോദിച്ചു. കേരളത്തിലെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിന്റെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കും.
അതേസമയം, ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ ഇടിവ്. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് ഇടപാടുകൾക്കുള്ള നികുതി വർധിപ്പിച്ചതാണ് വിപണിയെ ബാധിച്ചത്. ബജറ്റ് പ്രഖ്യാപനത്തിനിടെ വിപണിയിൽ രണ്ടായിരത്തിലേറെ പൊയിന്റ് ഇടിവ് നേരിട്ടെങ്കിലും പിന്നീട് നഷ്ടം ആയിരത്തിൽ താഴെയെത്തി.
Adjust Story Font
16

