Quantcast

'ഗോഡ്‌സെ ഇന്ത്യയുടെ നല്ല പുത്രന്‍'; ഗാന്ധി ഘാതകനെ വാഴ്ത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

രാഷ്ട്രപിതാവിനെയാണ് കേന്ദ്രമന്ത്രി അവഹേളിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    10 Jun 2023 5:01 AM GMT

Union minister Giriraj Singh praises Nathuram Godse, the assassin of Mahatma Gandhi, Union minister, Giriraj Singh, Nathuram Godse
X

ബസ്തർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഗോഡ്‌സെ ബാബറിനെയും ഔറംഗസേബിനെയും പോലെ ഇന്ത്യയിൽ അധിനിവേശം നടത്തിയയാളല്ല ഗോഡ്‌സെയെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ നല്ല പുത്രനാണ് ഗോഡ്‌സെയെന്നും ഗിരിരാജ് പ്രകീർത്തിച്ചു.

ചത്തീസ്ഗഢ് ബസ്തറിലെ ദന്തേവാഡയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്. 'ഗാന്ധിയെ കൊന്നയാളാണ് ഗോഡ്‌സെയെങ്കിൽ ഇന്ത്യയുടെ നല്ല പുത്രന്‍ കൂടിയാണദ്ദേഹം. ഇന്ത്യയിൽ ജനിച്ചയാളാണ്. ബാബറിനെയും ഔറംഗസേബിനെയും പോലെ അധിനിവേശകനല്ല. ബാബറിന്റെ മകനാണെന്നു പറയുന്നതിൽ സന്തോഷിക്കുന്നവർക്കൊന്നും ഭാരത മാതാവിന്റെ പുത്രനാകാനാകില്ല.'-ഗിരിരാജ് സിങ് പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയെ അവഹേളിക്കുന്നതാണ് ഗിരിരാജ് സിങ്ങിന്റെ വിവാദ പരാമർശങ്ങളെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഗോഡ്‌സെയെ പ്രകീർത്തിക്കുക വഴി രാഷ്ട്രപിതാവിനെയാണ് ഗിരിരാജ് സിങ് അവഹേളിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് ചത്തിസ്ഗഢ് വക്താവ് സുശീൽ ആനന്ദ് ശുക്ല കുറ്റപ്പെടുത്തി.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയാണ് ഗോഡ്‌സെയെന്ന് സുശീൽ ആനന്ദ് ശുക്ല പ്രതികരിച്ചു. രാഷ്ട്രപിതാവിനെയാണ് അയാൾ കൊലപ്പെടുത്തിയത്. മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന്റെ രക്തക്കറ ഗോഡ്‌സെയുടെ കരങ്ങളിലുണ്ട്. രാജ്യത്തെ ജനങ്ങളെക്കൂടിയാണ് വിവാദ പരാമർശത്തിലൂടെ ഗിരിരാജ് അവഹേളിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ ചെറുതും വലുതുമായ നേതാക്കളെല്ലാം പലഘട്ടങ്ങളിൽ ഗോഡ്‌സെയെ പ്രകീർത്തിച്ചിട്ടുണ്ട്. ഗിരിരാജിന്റെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ആർ.എസ്.എസ്സും വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.

Summary: 'Godse is India’s good son', Union minister Giriraj Singh praises Nathuram Godse, the assassin of Mahatma Gandhi

TAGS :

Next Story