Quantcast

'ജോലി നിരസിക്കണോ നരകത്തിൽ പോണോ എന്നത് അവരുടെ ഇഷ്ടം'; വനിത ഡോക്ടറുടെ നിഖാബ് വലിച്ചു താഴ്ത്തിയ നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

' ഇത് മുസ്‌ലിം രാജ്യമാണോ? ഇന്ത്യ നിയമവാഴ്ച പിന്തുടരുന്ന രാജ്യമാണ്'- ഗിരിരാജ് സിങ്

MediaOne Logo

Web Desk

  • Updated:

    2025-12-19 06:21:20.0

Published:

19 Dec 2025 11:49 AM IST

ജോലി നിരസിക്കണോ നരകത്തിൽ പോണോ എന്നത് അവരുടെ ഇഷ്ടം; വനിത ഡോക്ടറുടെ നിഖാബ് വലിച്ചു താഴ്ത്തിയ നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
X

ന്യുഡൽഹി: നിയമന ഉത്തരവ് കൈമാറുന്നതിനിടെ നിഖാബ് വലിച്ചു താഴ്ത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. നിതീഷ് കുമാർ നിഖാബ് വലിച്ചു താഴ്ത്തിയ ആയുഷ് ഡോക്ടർ നുസ്രത്ത് പർവീൺ ജോലി സ്വീകരിക്കില്ല എന്ന് അറിയിച്ച കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

'നിതീഷ് കുമാർ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമന ഉത്തരവു കൈപ്പറ്റാൻ പോകുമ്പോൾ മുഖം കാണിക്കേണ്ടതല്ലേ? പാസ്പോർട്ട് ലഭിക്കണമെങ്കിൽ, നിങ്ങൾ മുഖം കാണിക്കുന്നില്ലേ? സർക്കാർ ജോലി നിരസിക്കണോ അതോ നരകത്തിൽ പോകണോ എന്ന് ആ സ്ത്രീക്കു തീരുമാനിക്കാം. ഇത് മുസ്‌ലിം രാജ്യമാണോ? ഇന്ത്യ നിയമവാഴ്ച പിന്തുടരുന്ന രാജ്യമാണ്. ഒരു രക്ഷകർത്താവ് ചെയ്യുന്നതുപോലെ മാത്രമേ നിതീഷ് കുമാർ ചെയ്തിട്ടുള്ളൂ' ഗിരിരാജ് സിങ് പറഞ്ഞു.

ഗിരിരാജ് സിങിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തു വന്നു. കേന്ദ്രമന്ത്രിയുടേത് മോശം മാനസികാവസ്ഥയാണെന്ന് കോൺഗ്രസ് എംപി താരിഖ് അൻവർ പറഞ്ഞു. ഇവർ മൂന്നാംതരം മനുഷ്യരാണ്. 'ഇവരുടേത് മോശം മാനസികാവസ്ഥയാണ്. ഇത് മതേതര രാജ്യമാണെന്ന് ഇവർക്ക് അറിയില്ലെന്നും ' താരിഖ് അൻവർ പറഞ്ഞു. ഇയാളുടെ വൃത്തി കെട്ട വായ ഫിനൈൽ ഉപയോഗിച്ച് വൃത്തിയാക്കണം. ഉമ്മമാരുടേയും സഹോദരിമാരുടേയും നിഖാബ് തൊടാനുള്ള ധൈര്യം നിങ്ങൾക്കില്ലെന്നും പിഡിപി നേതാവ് ഇൽത്തിജ മുഫ്തി പറഞ്ഞു.

ആയുഷ് ഡോക്ടർമാരുടെ നിയമന ഉത്തരവ് കൈമാറുന്നതിനിടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ നുസ്രത്ത് പ്രവീണിന്റെ നിഖാബ് ബലമായി താഴ്ത്തി അപമാനിച്ചത്. തിങ്കളാഴ്ച പട്നയിലാണ് സംഭവം. നിയമന ഉത്തരവ് കൈമാറിയ നിതീഷ് കുമാർ യുവതിയോട് നിഖാബ് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യത്തോട് ഏതെങ്കിലും തരത്തിൽ യുവതിക്ക് പ്രതികരിക്കാൻ കഴിയുന്നതിന് മുമ്പുതന്നെ നിതീഷ് കുമാർ അവരുടെ മുഖത്തുനിന്നും ബലമായി നിഖാബ് പിടിച്ച് താഴേക്ക് വലിക്കുകയായിരുന്നു.

TAGS :

Next Story