Quantcast

ഒന്ന് മുതൽ 50 വരെ എഴുതിയില്ല; നാല് വയസുകാരിയായ മകളെ അടിച്ചുകൊന്ന് പിതാവ്

വൈകീട്ട് അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കട്ടിലിൽ ജീവനറ്റ് കിടക്കുകയായിരുന്നു കുഞ്ഞ്.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-24 07:11:19.0

Published:

24 Jan 2026 11:33 AM IST

UP man beats daughter to death for failing to write numbers up to 50
X

ഛണ്ഡീ​ഗഢ്: അക്കങ്ങൾ എഴുതാത്തതിന് പിഞ്ചുബാലികയോട് പിതാവിന്റെ കൊടുംക്രൂരത. ഒന്ന് മുതൽ 50 വരെ എഴുതാത്തതിന് നാല് വയസുകാരിയെ പിതാവ് അടിച്ചുകൊന്നു. ഹരിയാനയിലെ ഫരീബാദിലെ ഖെരാതിയ ​ഗ്രാമത്തിൽ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. കൃഷ്ണ ജെയ്സ്വാൾ (31) എന്ന യുവാവാണ് മകളായ വൻഷികയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫരീദാബാദിൽ വാടകയ്ക്ക് താമസിക്കുകയാണ് യുപി സോൻഭദ്ര സ്വദേശിയായ കൃഷ്ണ ജയ്സ്വാളും കുടുംബവും. സ്വകാര്യ കമ്പനികളിലാണ് ഇയാളും ഭാര്യയും ജോലി ചെയ്യുന്നത്. ഭാര്യ ജോലിക്ക് പോവുമ്പോൾ ഇയാൾ വീട്ടിലെത്തുകയും കുഞ്ഞിനെ നോക്കുകയുമാണ് രീതി. നാല് വയസുകാരിയെ ഇവർ സ്കൂളിൽ ചേർത്തിരുന്നില്ല. പിതാവ് തന്നെയാണ് മകളെ വീട്ടിലിരുത്തി പഠിപ്പിച്ചിരുന്നത്.

ഈ മാസം 21ന്, ഇത്തരത്തിൽ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെ തെറ്റാതെ എഴുതാൻ ഇയാൾ കുഞ്ഞിനോട് ആവശ്യപ്പെട്ടു. നാല് വയസ് മാത്രം പ്രായമായ കു‍ഞ്ഞിന് അത് സാധിക്കാതെ വന്നതോടെ ഇയാൾക്ക് ദേഷ്യം വരികയും ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് തത്ക്ഷണം മരിച്ചു.

വൈകീട്ട് അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കട്ടിലിൽ ജീവനറ്റ് കിടക്കുകയായിരുന്നു കുട്ടി. കളിക്കുന്നതിനിടെ കുട്ടി പടിക്കെട്ടിൽ നിന്ന് വീണെന്നായിരുന്നു ഭാര്യയോട് ഇയാൾ പറഞ്ഞത്. എന്നാൽ സംഭവസമയം വീട്ടിലുണ്ടായിരുന്ന ഇവരുടെ ഏഴു വയസുള്ള മകൻ, തന്റെ സഹോദരിയെ പിതാവ് മർദിക്കുന്നത് കണ്ടതായി അമ്മയോട് പറഞ്ഞു.

പെൺകുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കൂടി കണ്ടതോടെ യുവതി പൊലീസിനെ വിവരമറിയിച്ചു. എന്നാൽ പിന്നീട് പൊലീസിനോടും ഇയാൾ ഇതേ വാദം ആവർത്തിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയെന്നും ഫരീദാബാദ് പൊലീസ് വക്താവ് അറിയിച്ചു.

TAGS :

Next Story