ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിൽ 'സിമന്റും ഡ്രമ്മും'; കാമുകനൊപ്പം പോകാൻ അനുവദിച്ച് ഭർത്താവ്
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ രാജ്കുമാർ ആണ് സ്വന്തം ജീവൻ രക്ഷിക്കാനായി ഭാര്യയെ കാമുകനൊപ്പം വിട്ടയച്ചത്

ബുലന്ദ്ഷഹർ: ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിൽ 'സിമന്റും ഡ്രമ്മും' കണ്ട് ഭയന്ന് കാമുകനൊപ്പം പോകാൻ അനുവദിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ രാജ്കുമാർ ആണ് സ്വന്തം ജീവൻ രക്ഷിക്കാനായി ഭാര്യയെ കാമുകനൊപ്പം വിട്ടയച്ചത്.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നെന്നും രാജ്കുമാർ പറയുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മാതാപിതാക്കളുടെ അടുത്തേക്ക് പോയിരുന്നു. എന്നാൽ യഥാർഥത്തിൽ യുവതി കാമുകനൊപ്പമാണ് കഴിഞ്ഞിരുന്നതെന്ന് രാജ്കുമാർ ആരോപിക്കുന്നു.
തന്റെ ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യുമ്പോഴെല്ലാം തെളിവ് ഹാജരാക്കാൻ ഭാര്യ ആവശ്യപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ രാജ്കുമാർ ഫോൺ തട്ടിപ്പറിച്ചു പരിശോധിച്ചു. ഇതിൽ ചില നഗ്‌നചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ച കൊലപാതക വാർത്തകളും അദ്ദേഹം കണ്ടെത്തി.
'സിമന്റും ഡ്രമ്മും' എന്ന അടിക്കുറിപ്പോടെയുള്ള വാർത്തകൾക്കൊപ്പം രാജ്കുമാറിന്റെ ചിത്രവും 'നീല ഡ്രമ്മും സിമന്റും' എന്ന വാചകവും ഫോണിൽ ഉണ്ടായിരുന്നു. ഇത് തന്നെ കൊലപ്പെടുത്താനുള്ള പദ്ധതിയാണെന്ന് രാജ്കുമാർ ഭയക്കുകയായിരുന്നു. 2025 മാർച്ചിൽ മീററ്റിൽ നടന്ന അതിക്രൂരമായ ഒരു കൊലപാതകത്തെയാണ് ഈ വാക്കുകൾ ഓർമിപ്പിക്കുന്നത്. അന്ന് മുസ്‌കാൻ എന്ന യുവതി കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി 15 കഷണങ്ങളാക്കി മുറിച്ച ശേഷം, സിമന്റ് നിറച്ച നീല ഡ്രമ്മിനുള്ളിലാക്കി സീൽ ചെയ്തിരുന്നു.
തർക്കങ്ങൾക്കിടയിൽ ഭാര്യ തന്നെ നീല ഡ്രമ്മിലാക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും രാജ്കുമാർ പറയുന്നു. അവൾ തന്നെ കൊല്ലുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്തുമായിരുന്നു. ഫോൺ പിടിച്ചുവാങ്ങിയപ്പോൾ തന്നെയും സഹോദരങ്ങളെയും കൊല്ലുമെന്ന് അവൾ പറഞ്ഞു. അവൾ തനിക്കായി ഭക്ഷണം പാകം ചെയ്യുകയോ തുണി കഴുകുകയോ ഇല്ലായിരുന്നു. ആരോടൊപ്പം ജീവിക്കണം എന്ന് ചോദിച്ചപ്പോൾ അവൾ കാമുകനെ തിരഞ്ഞെടുത്തെന്നും രാജ്കുമാർ പറഞ്ഞു.
പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടന്ന മധ്യസ്ഥ ചർച്ചയിൽ, കാമുകനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി വ്യക്തമാക്കി. ഒടുവിൽ കാമുകനെ നേരിട്ട് കാണാൻ ആവശ്യപ്പെട്ട രാജ്കുമാർ ഭാര്യയെ അവർക്കൊപ്പം വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു.
Adjust Story Font
16

