ഹോളിയെ വിമർശിക്കുന്നവർ രാജ്യം വിട്ടുപോകണമെന്ന് യുപി മന്ത്രി
ചില പ്രതിപക്ഷ പാർട്ടി നേതാക്കൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രിയും നിഷാദ് പാർട്ടി അധ്യക്ഷനുമായ സഞ്ജയ് നിഷാദ് പറഞ്ഞു.

ലഖ്‌നോ: ഹോളിയെ വിമർശിക്കുന്നവർ രാജ്യം വിട്ടുപോകണമെന്ന് ഉത്തർപ്രദേശ് മന്ത്രിയും നിഷാദ് പാർട്ടി അധ്യക്ഷനുമായ സഞ്ജയ് നിഷാദ്. ചില പ്രതിപക്ഷ പാർട്ടി നേതാക്കൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഗൊരഖ്പൂരിലെ 'ഹോളി മിലൻ' പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
''വെള്ളിയാഴ്ച പ്രാർഥനയിൽ ആളുകൾ പരസ്പരം ആലിംഗനം ചെയ്യുന്നു, ഹോളി ആഘോഷിക്കുമ്പോഴും ആളുകൾ ഇത് തന്നെയാണ് ചെയ്യുന്നത്. രണ്ടും ഐക്യത്തിന്റൈ ആഘോഷങ്ങളാണ്. എന്നാൽ ചില രാഷ്ട്രീയക്കാർ ഇത് ഇഷ്ടപ്പെടുന്നില്ല. ഒരു പ്രത്യേക വിഭാഗം അവരുടെ മനസ്സിൽ വിഷം കലർത്തി വഴിതെറ്റിക്കപ്പെടുന്നു, അവരും ഈ രാജ്യത്തെ പൗരന്മാരാണ്. നിറങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അവർ വീടിനുള്ളിൽ തന്നെ ഇരിക്കരുത്. രാജ്യം വിടണം''-സഞ്ജയ് നിഷാദ് പറഞ്ഞു.
അവർ തുണികൾക്ക് നിറം കൊടുക്കുന്നു, വീടുകൾ പെയിന്റ് ചെയ്യുന്നു, തിളക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. അവർക്ക് നിറങ്ങളുടെ കാര്യത്തിൽ ശരിക്കും പ്രശ്നമുണ്ടെങ്കിൽ, അവർ എങ്ങനെ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടും? അദ്ദേഹം ചോദിച്ചു. ചിലർ നിറങ്ങൾ പ്രയോഗിക്കുന്നത് അവരുടെ വിശ്വാസത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പറയുന്നത്. എന്നിട്ടും അവർ ഒരു മടിയും കൂടാതെ വർണാഭമായ വസ്ത്രങ്ങൾ ധരിക്കുന്നു. നിറങ്ങളുടെ ഏറ്റവും വലിയ വ്യാപാരികൾ ഈ സമൂഹത്തിൽ പെട്ടവരാണെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ചയും ഹോളിയും ഒരുമിച്ച് വന്നതോടെയാണ് ഹോളി ആഘോഷം വലിയ ചർച്ചയായത്. വർഷത്തിൽ 52 വെള്ളിയാഴ്ചകൾ ഉണ്ടെന്നും എന്നാൽ ഹോളി ഒരു ദിവസം മാത്രമാണ് എന്നുമായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ അയോധ്യയിൽ ജുമുഅ നമസ്‌കാരം ഉച്ചക്ക് രണ്ട് മണിക്ക് നടത്താൻ മുസ്‌ലിം സംഘടനകൾ തീരുമാനിച്ചിരുന്നു. സംഭൽ ജില്ലയിലെ ശാഹീ മസ്ജിദിന് സമീപം പൊലീസ് ഫ്‌ളാഗ് മാർച്ച് നടത്തുകയും ചെയ്തിരുന്നു.
Adjust Story Font
16