'ഗംഗാ മാതാവ് നമ്മുടെ കാല് കഴുകി ശുദ്ധിയാക്കുന്നു, സ്വർഗത്തിലേക്ക് അയക്കുന്നു'; പ്രളയത്തിൽ മുങ്ങിയ കാൺപൂർ സന്ദർശിച്ച മന്ത്രിയുടെ പ്രതികരണം വിവാദത്തിൽ
യുപി മന്ത്രിയും നിഷാദ് പാർട്ടി നേതാവുമായ സഞ്ജയ്കുമാർ നിഷാദ് ആണ് വിവാദ പ്രസ്താവന നടത്തിയത്.

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രളയത്തിൽ മുങ്ങിയ ഗ്രാമം സന്ദർശിക്കാനെത്തിയ മന്ത്രിയുടെ പരാമർശം വിവാദത്തിൽ. വീടും വഴികളുമെല്ലാം വെള്ളത്തിൽ മുങ്ങി ആളുകൾ ആശങ്കാകുലരായി നിൽക്കുമ്പോൾ പ്രളയം ദൈവാനുഗ്രമാണ് എന്നാണ് മന്ത്രിയായ സഞ്ജയ് കുമാർ നിഷാദ് പറഞ്ഞത്.
''പുത്രൻമാരുടെ കാല് കഴുകാൻ ഗംഗാ മാതാവ് നേരിട്ട് വന്നതാണ്. അവരെല്ലാം സ്വർഗത്തിലെത്തും''- മന്ത്രി പറഞ്ഞു. കാൺപൂർ ജില്ലയിലെ ഭോഗ്നിപൂർ ഗ്രാമം വെള്ളത്തിൽ മുങ്ങിയപ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. എന്നാൽ ദുരിതബാധിതർ യമുനാ നദിയുടെ തീരത്ത് താമസിക്കുന്നവരായിരുന്നു.
"Mother Ganga comes to wash the feet of Ganga-putras, Ganga-putras goes straight to heaven."
— Mohammed Zubair (@zoo_bear) August 5, 2025
This was the Response by Minister Sanjay Kumar Nishad when locals tried to explain the problems people were facing in the flood-affected Bhognipur village in Kanpur Dehat. BTW, The… pic.twitter.com/CYxpX2V5SR
ഉത്തർപ്രദേശിലെ ആഗ്ര, ചിത്രകൂട്, ഘാസിപൂർ, ചന്ദോലി തുടങ്ങി 17 ജില്ലകളിലെ 402 ഗ്രാമങ്ങൾ പ്രളയത്തിൽ മുങ്ങിയിട്ടുണ്ട്. ഗംഗയും യമുനയും കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന് കാരണം.
ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രിയും നിഷാദ് പാർട്ടി നേതാവുമാണ് സഞ്ജയ് കുമാർ നിഷാദ്. മന്ത്രിയുടെ പരാമർശത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സ്വന്തം മണ്ഡലത്തിലെ ജനങ്ങളെപ്പോലും അറിയാത്ത ആളാണോ മന്ത്രിയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
കഴിഞ്ഞ ദിവസം വീട്ടിൽ വെള്ളം കയറിയപ്പോൾ അതിന് പൂജ ചെയ്ത ഐപിഎസ് ഓഫീസറുടെ വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. വീടിന്റെ പടിക്കൽ വെള്ളമെത്തിയപ്പോൾ ഇത് ഗംഗാ മാതാവിന്റെ സന്ദർശനമെന്ന് പറഞ്ഞ് അദ്ദേഹം വെള്ളത്തിലേക്ക് പൂക്കൾ വിതറുകയും പാലൊഴിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

