Quantcast

യോഗി ആദിത്യനാഥിനെതിരെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; 19കാരൻ അറസ്റ്റിൽ

മാനഹാനി വരുത്തൽ, ഒരു മതവിഭാഗത്തെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ആരാധനാകേന്ദ്രങ്ങൾ അശുദ്ധമാക്കൽ, സമൂഹത്തിനിടയിൽ ശത്രുതയും വിദ്വേഷവും വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് 19കാരനെതിരെ കേസെടുത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    14 Jun 2022 11:25 AM GMT

യോഗി ആദിത്യനാഥിനെതിരെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; 19കാരൻ അറസ്റ്റിൽ
X

ലഖ്‌നൗ: സോഷ്യൽ മീഡിയയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് 19കാരനെ അറസ്റ്റ് ചെയ്തു. തെതാരിയ സ്വദേശിയായ ഗുൽബർ എന്ന അക്രം അലിയെയാണ് കഴിഞ്ഞ ദിവസം യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

യോഗിയെ വിമർശിച്ചുകൊണ്ടുള്ള വാട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ പേരിലാണ് നടപടി. സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ഖജനി പൊലീസ് അക്രം അലിക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504(സമാധാനാന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവമുള്ള അധിക്ഷേപം), 505(സമൂഹത്തിനിടയിൽ ശത്രുതയും വിദ്വേഷവും വളർത്തൽ), 469(മാനഹാനി വരുത്തുക), 295(ഏതെങ്കിലും മതവിഭാഗത്തെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ആരാധനാകേന്ദ്രങ്ങൾ അശുദ്ധമാക്കുകയോ കേടുപാട് വരുത്തുകയോ ചെയ്യൽ) വകുപ്പുകളാണ് കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.ടി നിയമവും ചുമത്തിയിട്ടുണ്ടെന്ന് ഖജനി പൊലീസ് സ്റ്റേഷൻ മേധാവി ഇഖ്‌റാർ അഹ്മദ് പറഞ്ഞു.

യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചെന്ന് ആരോപിച്ച് കഴിഞ്ഞ മേയ് മാസം 15കാരനെതിരെയും കേസെടുത്തിരുന്നു. ഒരു മാസത്തെ സാമൂഹികസേവനം ശിക്ഷയായി ചുമത്തുകയും ചെയ്തിരുന്നു. 15 ദിവസം ഗോശാല വൃത്തിയാക്കുകയും 15 ദിവസം ഏതെങ്കിലും പൊതുസ്ഥലം വൃത്തിയാക്കുകയുമായിരുന്നു ശിക്ഷ. യു.പിയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതായിരുന്നു വിധി.

Summary: UP Police arrests 19-Year-old for social media post against CM Yogi Adityanath

TAGS :

Next Story