"വിക്കറ്റുകൾ വീണുകൊണ്ടേയിരിക്കുന്നു, യോഗിക്ക് ക്രിക്കറ്റ് കളിക്കാൻ അറിയില്ല"- അഖിലേഷ് യാദവ്

ഉത്തർപ്രദേശ് ബി.ജെ.പിയിൽ കൂട്ടരാജികൾ തുടരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാദിനെതിരെ പരിഹാസവുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്

MediaOne Logo

Web Desk

  • Updated:

    2022-01-14 15:06:25.0

Published:

14 Jan 2022 2:53 PM GMT

വിക്കറ്റുകൾ വീണുകൊണ്ടേയിരിക്കുന്നു, യോഗിക്ക് ക്രിക്കറ്റ് കളിക്കാൻ അറിയില്ല- അഖിലേഷ് യാദവ്
X

ഉത്തർപ്രദേശ് ബി.ജെ.പിയിൽ കൂട്ടരാജികൾ തുടരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാദിനെതിരെ പരിഹാസവുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പി യുടെ വിക്കറ്റുകൾ ഒന്നൊന്നായി വീണു കൊണ്ടിരിക്കുകയാണ് എന്നും യോഗിക്ക് ക്രിക്കറ്റ് കളിക്കാൻ അറിയില്ലെന്നും അഖിലേഷ് പറഞ്ഞു.

"ബി.ജെ.പി യുടെ വിക്കറ്റുകൾ വീണു കൊണ്ടേയിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രിക്ക് ക്രിക്കറ്റ് കളിക്കാൻ അറിയില്ല. അദ്ദേഹം ഇപ്പോൾ തന്നെ ഒരുപാട് ക്യാച്ചുകൾ നഷ്ടപ്പെടുത്തിക്കളഞ്ഞു. ബി.ജെ.പിയിൽ തുടരുന്ന കൂട്ടരാജി സമാജ് വാദി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തും". അദ്ദേഹം പറഞ്ഞു.

സ്വാമി പ്രസാദ് മൗര്യയെ പോലെയുള്ള നേതാക്കന്മാർ ബി.ജെ.പി വിട്ട് സമാജ്‍വാദി പാർട്ടിയിൽ ചേരുമെന്ന് ഒരാളും വിശ്വസിച്ചു കാണില്ലെന്നും ബി.ജെ.പി യിലെ കൂട്ടരാജികൾ സമാജ് വാദി പാർട്ടിക്ക് കൂടുതൽ ഉണർവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.പി യില്‍ ഇതുവരെ നിശബ്ദമായി കരുക്കൾ നീക്കിയ അഖിലേഷ് യാദവ് അപ്രതീക്ഷിത നീക്കത്തിലൂടെ ബി.ജെ.പിക്ക് വലിയ പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നത്. മൂന്ന് മന്ത്രിമാരും ഘടകകക്ഷി എം.എൽ.എമാർ ഉൾപ്പെടെ 14 പേരെയാണ് 48 മണിക്കൂറിനിടെ ബി.ജെ.പി പാളയത്തിൽ നിന്ന് അഖിലേഷ് തനിക്കൊപ്പം ചേർത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്രയും പേർ പാർട്ടി വിട്ടതോടെ ബി.ജെ.പി പ്രതിരോധത്തിലായി. കൂടുതൽ എം.എൽ.എമാർ ഉടൻ പാർട്ടി വിടുമെന്നാണ് സൂചന. ബി.ജെ.പി വിട്ട എല്ലാവരെയും എസ്.പിയിലേക്ക് സ്വീകരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോഴാണ് ബി.ജെ.പി പാളയത്തെ ഞെട്ടിച്ച് എം.എൽ.എമാരുടെ രാജി തുടരുന്നത്.രാജി വച്ച എം.എൽ.എമാർ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളതാണ് എന്നത് തിരിച്ചടിയുടെ ആഘാതം വർധിപ്പിക്കുന്നു. പിന്നാക്ക വിഭാഗം നേതാവും ഷികോഹാബാദ് മണ്ഡലം എം.എൽ.എയുമായ ഡോ. മുകേഷ് വർമ ഇന്നലെ പാര്‍ട്ടി വിട്ടിരുന്നു. തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നാലെ വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനും ഇന്നലെ രാജിവച്ചു. ഇവർക്ക് പുറമെ റോഷൻ ലാൽ വർമ, ഭഗവതിപ്രസാദ്, സാഗർ ബ്രജേഷ് പ്രജാപതി, വിനയ് സാക്യ എന്നിവരാണ് രാജിവച്ച മറ്റ് എം.എൽ.എമാർ. ദലിത് പിന്നോക്ക വിഭാഗങ്ങളോട് ബി.ജെ.പി അവഗണന കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു ഏഴുപേരുടെയും രാജി.


TAGS :

Next Story