യുപിയിൽ വീണ്ടും സ്ത്രീധന പീഡനമരണം; യുവതിയെ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു, 17 ദിവസത്തെ നരകയാതനക്ക് ശേഷം മരണത്തിന് കീഴടങ്ങി
മൊറാദാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

ലഖ്നൗ: ഉത്തര്‍പ്രദേശിൽ സ്ത്രീധന പീഡന മരണങ്ങൾ തുടര്‍ക്കഥയാകുന്നു. അമ്രോഹയിൽ യുവതിയെ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. ഗുരുതരാവസ്ഥയിലായ യുവതി 17 ദിവസത്തെ നരകയാതനക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുൽ ഫിസയാണ് മരിച്ചത്. മൊറാദാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഒരു വര്‍ഷം മുന്‍പായിരുന്നു കാല ഖേഡ ഗ്രാമത്തിൽ നിന്നുള്ള പർവേസുമായി ഗുൽ ഫിസയുടെ വിവാഹം. വിവാഹം കഴിഞ്ഞതു മുതൽ തന്‍റെ മകളെ ഭർത്താവും ഭർതൃവീട്ടുകാരും മറ്റ് കുടുംബാംഗങ്ങളും സ്ത്രീധനത്തിന്‍റെ പേരിൽ ഉപദ്രവിക്കുകയാണെന്ന് ഫുർഖാൻ ആരോപിച്ചു. ആഗസ്ത് 11നാണ് ഗുൽഫിസയെ ആസിഡ് കുടിപ്പിക്കുന്നത്. ഫുർഖാന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പർവേസിനും കുടുംബാംഗങ്ങൾക്കുമെതിരെ സ്ത്രീധന പീഡനം, മര്‍ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുൽ ഫിസയുടെ മരണത്തോടെ, പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം കൂടി ചുമത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം തുടര്‍നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഈ ആഴ്ചയിൽ സ്ത്രീധന പീഡനക്കൊലയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവും അമ്രോഹ ജില്ലയിലെ രണ്ടാമത്തേതുമാണ്. ചൊവ്വാഴ്ച സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ തീ കൊളുത്തിയ സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ അടക്കം ആറ് പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. അമ്രോഹ ജില്ലയിലെ നരംഗ്പൂർ ഗ്രാമത്തിലാണ് സംഭവം. ഇകൗനയിലെ ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലെ നഴ്സായ പരുളിനെയാണ ഭര്‍ത്താവ് ദേവേന്ദ്ര തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിന് ദേവേന്ദ്രയും കുടുംബാംഗങ്ങളും ഒഴിവിലാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, സ്ത്രീധനത്തിന്‍റെ പേരിൽ 28 കാരിയായ നിക്കി ഭാട്ടിയെ ഭർത്താവ് വിപിനും ഭർതൃവീട്ടുകാരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയിരുന്നു. ആഗസ്ത് 21നാണ് 28കാരിയായ നിക്കി ഭാട്ടിയയെ തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്. നിക്കിയെ ആക്രമിക്കുകയും വലിച്ചിഴക്കുകയും തീ പടര്‍ന്ന ശേഷം പടികളിലൂടെ താഴേക്ക് വീഴുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിക്കി മരിക്കുന്നത്.
Adjust Story Font
16

