Quantcast

'അനധികൃത കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്നു'; ഇന്ത്യൻ ഏജന്റുമാർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക

ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ജനുവരി മുതൽ 636 ഇന്ത്യക്കാരെ അമേരിക്കയിൽ നിന്ന് നാടുകടത്തിയതായി മാർച്ചിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. ഇതിനുപുറമെ 295 ഇന്ത്യക്കാർ അന്തിമ നാടുകടത്തൽ ഉത്തരവുകൾക്കായി കാത്തിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    20 May 2025 1:18 PM IST

അനധികൃത കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്നു; ഇന്ത്യൻ ഏജന്റുമാർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക
X

വാഷിങ്ടൺ: അമേരിക്കയിലേക്ക് നിയമവിരുദ്ധ കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്നു എന്നാരോപിച്ച് ഇന്ത്യൻ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് 'അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്' എന്നിവക്ക് സൗകര്യമൊരുക്കുന്നവരെ കോൺസുലാർ അഫയേഴ്‌സ് ആൻഡ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസ് ദൗത്യം തിരിച്ചറിഞ്ഞതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

'അനധികൃതമായി ആളുകളെ അമേരിക്കയിലേക്ക് കടത്തിവിടാതിരിക്കുന്നതിനായി ട്രാവൽ ഏജൻസികളുടെ ഉടമകൾ, എക്സിക്യൂട്ടീവുകൾ എന്നിവർക്കെതിരെ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ഞങ്ങൾ തുടർന്നും സ്വീകരിക്കും.' ഡിപ്ലോമാറ്റിക് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് വിദേശ പൗരന്മാരെ അറിയിക്കുക മാത്രമല്ല യുഎസ് നിയമങ്ങൾ ലംഘിക്കുന്നവരെ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാക്കുക കൂടിയാണ് ലക്ഷ്യമെന്ന് വകുപ്പ് കൂട്ടിച്ചേർത്തു. വിസ നിയന്ത്രണ നയം ആഗോളതലത്തിലുള്ളതാണെന്നും രാജ്യത്തിന്റെ വിസ ഒഴിവാക്കൽ പ്രോഗ്രാമിന് യോഗ്യത നേടുന്ന വ്യക്തികൾക്കും ഇത് ബാധകമാണെന്നും വകുപ്പ് ചൂണ്ടിക്കാട്ടി. എന്നാൽ ഈ പുതിയ നീക്കത്തിന് കീഴിൽ നടപടി നേരിടേണ്ടിവരുന്ന ആളുകളുടെയോ ഏജൻസികളുടെയോ പേര് പ്രസ്താവനയിൽ പറഞ്ഞിട്ടില്ല.

രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയക്കാൻ സൈനിക വിമാനങ്ങൾ ഉപയോഗിച്ച യുഎസ് പ്രസിഡന്റ് ട്രംപ് ഭരണകൂടത്തിന്റെ വ്യാപകമായ നടപടികൾക്കിടയിലാണ് ഈ നീക്കം. ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ജനുവരി മുതൽ 636 ഇന്ത്യക്കാരെ അമേരിക്കയിൽ നിന്ന് നാടുകടത്തിയതായി മാർച്ചിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. ഇതിനുപുറമെ 295 ഇന്ത്യക്കാർ അന്തിമ നാടുകടത്തൽ ഉത്തരവുകൾക്കായി കാത്തിരിക്കുകയാണ്.

2022 ലെ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി റിപ്പോർട്ട് പ്രകാരം രാജ്യത്ത് 2,20,000 രേഖകളില്ലാത്ത ഇന്ത്യൻ കുടിയേറ്റക്കാർ താമസിക്കുന്നുണ്ട്. ജനുവരിയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം രേഖകളില്ലാതെയോ വിസ കാലാവധി കഴിഞ്ഞോ അമേരിക്കയിൽ താമസിക്കുന്ന ഏകദേശം 18,000 ഇന്ത്യൻ പൗരന്മാരെ നാടുകടത്താൻ ഇന്ത്യ ട്രംപ് ഭരണകൂടവുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

TAGS :

Next Story