തീരുവകൾ 18 ശതമാനമായി കുറയ്ക്കും; ഇന്ത്യയുമായി വ്യാപാര കരാർ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്
നരേന്ദ്ര മോദിയുടെ അഭ്യർഥന പ്രകാരമാണ് വ്യാപാര കരാറെന്നാണ് ട്രംപിന്റെ അവകാശവാദം

- Updated:
2026-02-03 01:44:57.0

ന്യൂഡല്‍ഹി: ഇന്ത്യയുമായി വ്യാപാര കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യക്കുമേൽ ചുമത്തിയ തീരുവകൾ 18ശതമാനമായി കുറയ്ക്കും.
ഇതിനു പുറമെ ഇന്ത്യയ്ക്ക്മേല്‍ ചുമത്തിയ പിഴ തീരുവ 25 ശതമാനവും യുഎസ് എടുത്തുമാറ്റും.
നരേന്ദ്രമോദിയുടെ അഭ്യർഥന പ്രകാരമാണ് വ്യാപാരകരാറെന്നാണ് ട്രംപിന്റെ അവകാശവാദം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താമെന്ന് നരേന്ദ്രമോദി സമ്മതിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രഖ്യാപിച്ചു. മോദി തന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളും ശക്തനും ബഹുമാന്യനുമായ നേതാവെന്നും ട്രംപ് കുറിച്ചു.
അതേസമയം തീരുവ കുറച്ച അമേരിക്കൻ നടപടിയെ പ്രശംസിക്കുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. എന്നാൽ, വ്യാപാര കരാർ ആയെന്ന് സ്ഥിരീകരിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'വ്യാപാര കരാർ' എന്ന പരാമർശം പോസ്റ്റിൽ ഉപയോഗിച്ചില്ല. മോദി ട്രംപിന് കീഴടങ്ങിയിരിക്കുകയാണെന്നും വാഷിങ്ടണിൽ നിന്നുളള ഇത്തരം പ്രഖ്യാപനങ്ങൾ പതിവായിരിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇതിനു പിന്നാലെ വ്യാപാരകരാറിൽ ധാരണയായെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് ട്രംപ് ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയത്. 25% പകരം തീരുവയ്ക്കു പുറമേ റഷ്യൻ എണ്ണ വാങ്ങുന്നതിനു യുഎസ് ചുമത്തിയ 25% അധികംതീരുവയും ചേർത്ത് ആകെ 50% തീരുവയാണ് ചുമത്തിയിരുന്നത്.
Adjust Story Font
16
