ആർഎസ്എസിനും റോയ്ക്കും ഉപരോധം ഏർപ്പെടുത്തണമെന്ന് യുഎസ് റിപ്പോർട്ട്
ഇന്ത്യയിലെ മതസ്വാതന്ത്ര്യം വൻതോതിൽ തകർച്ചയിലാണെന്ന് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു

- Published:
17 March 2026 5:53 PM IST

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘിനും (RSS), ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്കും (RAW) ഉപരോധം ഏർപ്പെടുത്തണമെന്ന് യുഎസ് കമ്മീഷൻ്റെ ശുപാർശ. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ (USCIRF) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് കടുത്ത പരാമർശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മതസ്വാതന്ത്ര്യം വൻതോതിൽ തകർച്ചയിലാണെന്ന് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
മതസ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ ഇന്ത്യയെ 'പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ' (Countries of Particular Concern - CPC) പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. കഴിഞ്ഞ നാല് വർഷമായി കമ്മീഷൻ ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും, അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഇതുവരെ ഈ ശിപാർശ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാൽ ഇത്തവണ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യെ ലക്ഷ്യം വച്ചുള്ള നീക്കം റിപ്പോർട്ടിലെ പ്രധാന മാറ്റമായി നിരീക്ഷിക്കപ്പെടുന്നു.
വിദേശ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യം വയ്ക്കാൻ 'റോ' ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കാനഡയിലെയും അമേരിക്കയിലെയും സിഖ് വിഘടനവാദി നേതാക്കളെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന ആരോപണങ്ങളാണ് ഇതിന് ആധാരമായി കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
ആർഎസ്എസിനെതിരെയുള്ള പരാമർശത്തിൽ, രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കും വിവേചനപരമായ നയങ്ങൾക്കും സംഘടന നേതൃത്വം നൽകുന്നുവെന്നാണ് കമ്മീഷൻ്റെ ആരോപണം. അതിനാൽ ആർഎസ്എസ് നേതാക്കളുടെ യുഎസ് സന്ദർശനം തടയുന്നതും അവരുടെ ആസ്തികൾ കണ്ടുകെട്ടുന്നതും അടക്കമുള്ള ഉപരോധങ്ങൾ ഗൗരവമായി പരിഗണിക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. പൗരത്വ ഭേദഗതി നിയമം (CAA), മണിപ്പൂർ സംഘർഷം, മതപരിവർത്തന നിരോധന നിയമങ്ങൾ എന്നിവയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
എന്നാൽ, USCIRFൻ്റെ മുൻ റിപ്പോർട്ടുകളെല്ലാം കേന്ദ്ര സർക്കാർ പൂർണമായും തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള പക്ഷപാതപരമായ ശ്രമമാണിതെന്നും വസ്തുതകൾ പരിശോധിക്കാതെയും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ അവഗണിച്ചുമാണ് ഇത്തരം റിപ്പോർട്ടുകൾ തയ്യാറാക്കുന്നതെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ സ്ഥിരം നിലപാട്. യുഎസ് സർക്കാരിന് കീഴിലുള്ള ഒരു സ്വതന്ത്ര കമ്മീഷനാണെങ്കിലും ഇതിൻ്റെ ശുപാർശകൾ നടപ്പിലാക്കാൻ ഭരണകൂടത്തിന് നിയമപരമായ ബാധ്യതയില്ല. 1998ൽ അമേരിക്കൻ കോൺഗ്രസ് പാസാക്കിയ നിയമപ്രകാരം രൂപംകൊണ്ട സംവിധാനമാണ് യുഎസ് കമ്മിഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF).
Adjust Story Font
16
