Quantcast

''പോസ്റ്ററുകളിലും ബോർഡുകളിലും മറ്റു പലരുടെയും ചിത്രങ്ങൾ, വാജ്‌പെയ്ക്ക് മാത്രം ഇടമില്ല''; വിമർശനവുമായി രാജ്‌നാഥ് സിങ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്നിലിരുത്തിയായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിങ്ങിന്‍‍റെ രൂക്ഷവിമർശനം

MediaOne Logo

Web Desk

  • Updated:

    2021-08-31 17:06:03.0

Published:

31 Aug 2021 4:25 PM GMT

പോസ്റ്ററുകളിലും ബോർഡുകളിലും മറ്റു പലരുടെയും ചിത്രങ്ങൾ, വാജ്‌പെയ്ക്ക് മാത്രം ഇടമില്ല; വിമർശനവുമായി രാജ്‌നാഥ് സിങ്
X

ഉത്തർപ്രദേശിൽ പോസ്റ്ററുകളിലും പരസ്യ ബോർഡുകളിലും മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പെയുടെ ചിത്രങ്ങൾ ഉൾപ്പെടുത്താത്തതിൽ അമർഷം രേഖപ്പെടുത്തി കേന്ദ്ര പ്രതിരോധമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിങ്. വിമാനത്താവളത്തിൽനിന്നു വരുമ്പോൾ നിരവധി പരസ്യപ്പലകകൾ കണ്ടു. എന്നാൽ, ഒന്നിൽപോലും വാജ്‌പെയിയുടെ ചിത്രം കാണാനായില്ലെന്ന് രാജ്‌നാഥ് സിങ് വിമർശിച്ചു. ലഖ്‌നൗവിൽ വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടന, ശിലാസ്ഥാപന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.

നിരവധി പേരുടെ ചിത്രങ്ങളുണ്ട്. എന്നാൽ, അടൽജിയുടെ ഒരൊറ്റ ചിത്രവും എവിടെയുമില്ല. ഈ സ്റ്റേജിൽ സ്ഥാപിച്ച ഹോർഡിങ്‌സിൽ പോലും അടൽജിയുടെ ചിത്രമില്ല. അവിടെ അദ്ദേഹത്തിന്റെ ചിത്രം ഉണ്ടാകണമായിരുന്നു. അടൽജിയില്ലാത്തൊരു ലഖ്‌നൗവിനെ സങ്കൽപിക്കാനാകുന്നില്ല-ജ്യോതി ഫൂലെ പാർക്കിൽ നടന്ന 1,710 കോടി രൂപയുടെ വികസന പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങിൽ രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്നിലിരുത്തിയായിരുന്നു മുതിർന്ന ബിജെപി നേതാവിന്റെ രൂക്ഷവിമർശനം. ഇതിനുമുൻപും ലഖ്‌നൗവിൽ ഒരു ശിലാസ്ഥാപന ചടങ്ങിൽ സംബന്ധിക്കുമ്പോഴും ഇതേകാര്യം ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ, അന്നു തിരക്കു കാരണം അക്കാര്യം ഉണർത്താൻ മറന്നു. ലഖ്‌നൗവിൽ ഒരു പരസ്യബോർഡ് സ്ഥാപിക്കുന്നുണ്ടെങ്കിൽ, അതിൽ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിൽ എല്ലാത്തിനും മുകളിൽ വാജ്‌പെയിയുടെ ചിത്രം ഉണ്ടായിരിക്കണം. അടൽജിയില്ലാത്തൊരു പരസ്യ ബോർഡും ഇനി ലഖ്‌നൗവിൽ പൊങ്ങരുത്-ചടങ്ങിൽ കർക്കശ സ്വരത്തിൽ രാജ്‌നാഥ് പ്രവർത്തകരെ ഉണർത്തി.

തുടർച്ചയായി അഞ്ചു തവണ ലഖ്‌നൗവിനെ പാർലമെന്റിൽ പ്രതിനിധീകരിച്ചയാളാണ് അടല്‍ ബിഹാരി വാജ്‌പെയ്. 1991 മുതൽ 2009 വരെയായിരുന്നു ഇത്. 2014 മുതൽ രാജ്‌നാഥ് സിങ്ങാണ് ലഖ്‌നൗവില്‍നിന്നുള്ള പാർലമെന്റ് അംഗം.

TAGS :

Next Story