തേര്‍ഡ് എസിക്ക് 960 രൂപ, ആര്‍എസി ഇല്ല; വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
. യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് നിരക്കുകൾ ക്രമാനുഗതമായി വ്യത്യാസപ്പെടുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു

Photo| PTI
ഡൽഹി: വന്ദേഭാരത് സ്ലീപ്പര്‍ എക്സ്പ്രസ് ട്രെയിനിന്‍റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 400 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 3AC ടിക്കറ്റിന് 960 രൂപ മുതൽ 3,500 കിലോമീറ്റർ വരെയുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്രകൾക്ക് ഫസ്റ്റ് ക്ലാസ് എസിക്ക് 13,300 വരെയാണ് നിരക്ക്.
400 കിലോമീറ്റര്‍ വരെയുള്ള യാത്രകൾക്ക് സെക്കൻഡ് എസിക്ക് 1240 രൂപയും ഫസ്റ്റ് ക്ലാസ് എസിക്ക് 1,520 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 800 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 1,920 (3AC), 2,480 (2AC), ₹3,040 (1AC) എന്നിങ്ങനെയാണ് നിരക്കുകൾ. 1,600 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 3,840 (3AC), 4,960 (2AC), 6,080 (1AC) എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുക.
2,000 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 4,800 (3AC), 6,200 (2AC), ₹7,600 (1AC) എന്നിങ്ങനെയായിരിക്കും നിരക്ക്. 2,800 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 6,720 (3AC), 8,680 (2AC), 10,640 (1AC) എന്നിങ്ങനെയാണ് നിരക്ക്. പരമാവധി 3,500 കിലോമീറ്റർ ദൂരത്തിന് യാത്രക്കാരിൽ നിന്നും 8,400 (3AC), 10,850 (2AC), 13,300 (1AC) രൂപ ഈടാക്കും. യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് നിരക്കുകൾ ക്രമാനുഗതമായി വ്യത്യാസപ്പെടുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
സ്ഥിരീകരിച്ച ടിക്കറ്റുകളുള്ള യാത്രക്കാർക്ക് മാത്രമേ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിൽ യാത്ര ചെയ്യാൻ കഴിയൂ. ആർഎസി, വെയിറ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റുകൾ അല്ലെങ്കിൽ ഭാഗികമായി സ്ഥിരീകരിച്ച ടിക്കറ്റുകൾ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ല. സ്ത്രീകൾ, വികലാംഗർ, മുതിർന്ന പൗരന്മാർ, ഡ്യൂട്ടി പാസ് ഉടമകൾ എന്നിവർക്കുള്ള ക്വാട്ട നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ബാധകമാകുമെന്ന് റെയിൽവേ ബോർഡ് രാജ്യത്തുടനീളമുള്ള സോണൽ ഉദ്യോഗസ്ഥരെ അറിയിച്ചു. എല്ലാ ടിക്കറ്റുകളും ഓൺലൈനായി തന്നെ വാങ്ങണം.
അതേസമയം 60 വയസിന് മുകളിലുള്ള പുരുഷ യാത്രക്കാർക്കും 45 വയസിന് മുകളിലുള്ള സ്ത്രീ യാത്രക്കാർക്കും ലോവർ ബെർത്തുകൾ അനുവദിക്കുന്നത് ഉറപ്പാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഉയർന്ന വേഗത, മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ, മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകൾ എന്നീ സൗകര്യങ്ങൾ യാത്രക്കാര്‍ക്ക് പ്രദാനം ചെയ്തുകൊണ്ടാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കിലേക്ക് ഇറങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ട്രെയിനിൽ16 കോച്ചുകളിലായി 823 പേർക്ക് യാത്ര ചെയ്യാനാകും.
മണിക്കൂറിൽ 180 കി.മീ വേഗതയാണ് മറ്റൊരു സവിശേഷത. വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോച്ചുകൾ നിർമിച്ചത് പൊതുമേഖലാ സ്ഥാപനമായ ബിഇഎഎലിൽ ആണ്. ഇതിനോടകം ട്രെയിൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയിട്ടുണ്ട്. എസി ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍, എസി 3 ടയര്‍ എന്നിങ്ങനെ മൂന്നു തരം കോച്ചുകളാണ് ട്രെയിനിലുണ്ടാവുക.
Adjust Story Font
16

