Quantcast

'ദിവസവും 12 മണിക്കൂര്‍ ജോലി,ശമ്പളം വെറും13,000 രൂപ '; നോയിഡയിലെ തൊഴിലാളി സമരം അക്രമാസക്തമായി,പൊലീസിന് നേരെ കല്ലേറ്

മെച്ചപ്പെട്ട വേതനത്തിന് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന് സ്ത്രീ തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു

MediaOne Logo

ലിസി. പി

  • Updated:

    2026-04-13 10:51:43

Published:

13 April 2026 4:17 PM IST

ദിവസവും 12 മണിക്കൂര്‍ ജോലി,ശമ്പളം വെറും13,000 രൂപ ; നോയിഡയിലെ തൊഴിലാളി സമരം അക്രമാസക്തമായി,പൊലീസിന് നേരെ കല്ലേറ്
X

നോയിഡ:ശമ്പളവര്‍ധനവടക്കം ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയിൽ ഫാക്ടറി തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കുറഞ്ഞ വേതനം നല്‍കുന്നതില്‍ പ്രതിഷേധിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശുകയും വനിതാ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇതിന് പിന്നാലെ പൊലീസിന് നേരെ കല്ലേറും നടന്നു.

"ദിവസം ജോലി ചെയ്യുന്നത് 12 മണിക്കൂർ"

മെച്ചപ്പെട്ട വേതനത്തിന് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന് സ്ത്രീ തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു. "8 മണിക്കൂർ ജോലിക്ക് ഞങ്ങൾക്ക് 20,000 രൂപയെങ്കിലും ശമ്പളം ലഭിക്കണം. എന്നാൽ ചില കമ്പനികൾ വെറും 280 രൂപയോ 300 രൂപയോ മാത്രമാണ്ശമ്പള വർധനവ് നൽകുന്നത്. ഇതേസമയം, ഞങ്ങളുടെ വീട്ടുവാടക ഓരോ തവണയും 500 രൂപയോളമാണ് കൂടുന്നത്," ഒരു തൊഴിലാളി പറഞ്ഞു.

മാസം 13,000 രൂപയ്ക്കാണ് താൻ 12 മണിക്കൂർ ജോലി ചെയ്യുന്നതെന്ന് മഞ്ജു ദേവി എന്ന സ്ത്രീ വെളിപ്പെടുത്തി. "ഞങ്ങളുടെ ശമ്പളം വളരെ കുറവാണ്. മാസത്തിൽ 13,000 രൂപ മാത്രമാണ് എനിക്ക് ലഭിക്കുന്നത്, അതും ദിവസം 12 മണിക്കൂർ കഠിനാധ്വാനം ചെയ്തിട്ട്. ഈ തുക കൊണ്ട് ഞാൻ എങ്ങനെ എന്റെ നാല് മക്കളെ വളർത്തും? അവർക്ക് ഭക്ഷണവും വിദ്യാഭ്യാസവും എങ്ങനെ നൽകും?" അവർ ചോദിക്കുന്നു. ഗ്യാസ് വില വർധിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ ശമ്പളം വർധിക്കുന്നില്ലെന്ന് മറ്റൊരു തൊഴിലാളിയും പറഞ്ഞു.

തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നെങ്കിലും, തിങ്കളാഴ്ച നോയിഡയിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. ഞായറാഴ്ച നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് മേധാ രൂപം, ലേബർ പ്രിൻസിപ്പൽ സെക്രട്ടറി, ലേബർ കമ്മീഷണർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓവർടൈമിന് ഇരട്ടി വേതനം നൽകുക, ബോണസ് ഉറപ്പാക്കുക, ജോലിസ്ഥലത്തെ സുരക്ഷ, പ്രതിവാര അവധി തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തിരുന്നു.എന്നാല്‍ തിങ്കളാഴ്ചയോടെ സ്ഥിതിഗതികൾ മാറി. പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് വലിയ തോതിൽ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചു.

നോയിഡ ഫേസ് 2-ൽ നടന്ന സംഘർഷത്തെത്തുടർന്ന് ഡൽഹിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന ചില്ല അതിർത്തി അടച്ചു. ഇതോടെ ഡൽഹി-നോയിഡ ഡി.എൻ.ഡി ഫ്ലൈവേയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.



TAGS :

Next Story