Quantcast

ബംഗാളിൽ ഹിന്ദുക്കൾ സുരക്ഷിതരല്ല; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് വിഎച്ച്പി നേതാവ് മിലിന്ത് പരന്ദെ

വഖഫ് നിയമത്തിനെതിരെ സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    18 April 2025 4:07 PM IST

Milind Parande
X

പനാജി: ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലയെന്നും പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത് പരന്ദെ. വഖഫ് നിയമത്തിനെതിരെ സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ പലതും അക്രമത്തിൽ കലാശിക്കുകയും മൂന്ന് പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു.

മുര്‍ഷിദാബാദില്‍ വഖഫ് ഭേദഗതിയുടെ പേരില്‍ ഹിന്ദുക്കള്‍ക്കുനേരെ വലിയ രീതിയിലുള്ള അക്രമണമുണ്ടായെന്നും ആയിരക്കണക്കിനാളുകള്‍ക്ക് നാടുവിടേണ്ടി വന്നുവെന്നും ഗോവയില്‍ നടന്ന പത്രസമ്മേളനത്തില്‍ പരന്ദെ പറഞ്ഞു. മാല്‍ഡയിലും സിലിഗുരിയിലും സമാന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും, ഹിന്ദുക്കള്‍ക്കെതിരെ മനഃപൂര്‍വമുള്ള ആക്രമണം നടക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

'സമാധാനം നിലനിര്‍ത്തണമെന്നാവശ്യപ്പെടുക മാത്രമാണ് മമത ചെയ്യുന്നത്, അവരുടെ സര്‍ക്കാരിലെ തന്നെ മന്ത്രിമാരാകട്ടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നു. അക്രമണമെന്തിന്‍റെ പേരിലായാലും ജനങ്ങളുടെ സംരക്ഷണം സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന്' പരന്ദെ പറഞ്ഞു.

ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതുകൊണ്ടാണ് രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്നതെന്നും രാജ്യത്താകമാനം അക്രമത്തെ അപലപിച്ച് ഏപ്രില്‍ 19ന് പ്രകടനം നടത്താന്‍ വി എച്ച് പി തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയിലെ ജനസംഖ്യാ ഘടനയില്‍ മുസ്‍ലിംകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ക്രിസ്ത്യാനികളുടെ എണ്ണത്തിലുണ്ടായ ഇടിവും ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story