Quantcast

'സിനിമാ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റയാൾ ഇപ്പോൾ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നു'; വിജയ്ക്കെതിരെ ഡിഎംകെ മന്ത്രി

'ഒരു സംസ്ഥാനം ഭരിക്കുന്നത് സിനിമയിൽ അഭിനയിക്കുന്നത് പോലെയാണെന്ന് അവർ കരുതുന്നുണ്ടോ?'- മന്ത്രി ചോദിച്ചു.

MediaOne Logo

Web Desk

  • Published:

    28 April 2025 5:06 PM IST

Vijay sold film tickets in black, cant lecture on corruption Says DMK Minister
X

ചെന്നൈ: നടൻ വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴ് വെട്രി കഴകത്തിനുമെതിരെ ഡിഎംകെ മന്ത്രി. സിനിമാ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ് നടന്നയാൾ ഇപ്പോൾ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നു എന്നാണ് ഡിഎംകെ മന്ത്രി എം.ആർ.കെ പനീർസെൽവത്തി‍ന്റെ പരോക്ഷ വിമർശനം.

'സിനിമാ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ ഒരാൾ ഇപ്പോൾ അഴിമതിയെക്കുറിച്ച് പ്രസംഗിക്കുന്നു. അയാൾ ശമ്പളമായി വാങ്ങുന്നത് കള്ളപ്പണമാണ്. സ്വന്തം മാതാപിതാക്കൾക്കൊപ്പം പോലും ജീവിക്കാൻ കഴിയാത്ത ആൾ സംസ്ഥാനത്തെ രക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു'- ഒരു പൊതുയോഗത്തിൽ സംസാരിക്കവെ പനീർശെൽവം പറഞ്ഞു.

'എന്താണ് ടിവികെയുടെ പൂർണരൂപം എന്നറിയാമോ' എന്ന് പനീർസെൽവം പാർട്ടി അണികളോട് ചോദിച്ചു. ഈ സമയം, 'തൃഷ, കീർത്തി സുരേഷ്' എന്നിങ്ങനെ വിളിച്ചുപറഞ്ഞ് ചിലർ കളിയാക്കിയപ്പോൾ, 'നിങ്ങൾ മിടുക്കന്മാരാണ്' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

'അധികാരം പിടിച്ചെടുക്കുമെന്ന് ആ പാർട്ടി അവകാശപ്പെടുന്നു. ഒരു സംസ്ഥാനം ഭരിക്കുന്നത് സിനിമയിൽ അഭിനയിക്കുന്നത് പോലെയാണെന്ന് അവർ കരുതുന്നുണ്ടോ?'- മന്ത്രി ചോദിച്ചു.

നേരത്തെ, ഡിഎംകെയ്ക്കെതിരെ രൂക്ഷവിമർശനവുമായി വിജയ് രം​ഗത്തെത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് മന്ത്രിയുടെ പ്രതികരണം. ഡിഎംകെയെ ഫാസിസ്റ്റ് പാർട്ടി എന്ന് വിശേഷിപ്പിച്ച വിജയ്, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരിക്കുമെന്നും പറഞ്ഞിരുന്നു.

'ബഹുമാനപ്പെട്ട മുത്തുവേൽ കരുണാനിധി സ്റ്റാലിൻ, നിങ്ങളുടെ പേരിൽ മാത്രം ധൈര്യം പോരാ, പ്രവൃത്തിയിലും അത് കാണിക്കണം'- എന്നും താരം അഭിപ്രായപ്പെട്ടിരുന്നു. മാർച്ച് 28ന് നടന്ന പാർട്ടിയുടെ ആദ്യ ജനറൽ ബോഡി യോഗത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു വിജയ് ഡിഎംകെയെ രൂക്ഷമായി വിമർശിച്ചത്.

TAGS :

Next Story