പ്രളയ ദുരിതാശ്വാസ സാമഗ്രികൾ പൂഴ്ത്തിവെച്ചുവെന്ന് ആരോപണം; തൃണമൂൽ എംപിയുടെ ഓഫീസ് തല്ലി തകർത്തു
സംസ്ഥാനത്തുണ്ടായ ഭരണമാറ്റമാണ് ഈ അക്രമത്തിന് പിന്നിലെന്ന് എംപി ബാപി ഹൽദാർ ആരോപിച്ചു

- Published:
31 May 2026 10:51 PM IST

കൊൽക്കത്ത:പ്രളയ ദുരിതാശ്വാസ സാമഗ്രികൾ ഓഫീസിൽ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് തൃണമൂൽ എംപിയുടെ ഓഫീസ് തല്ലിതകർത്തു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഥുരാപൂരിലുള്ള തൃണമൂൽ കോൺഗ്രസ് ലോക്‌സഭാ എംപി ബാപി ഹൽദാറിന്റെ ഓഫീസാണ് ഒരു കൂട്ടം തല്ലിതർത്തത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ പ്രാദേശിക നേതൃത്വം അരോപിച്ചു. അതേസമയം തങ്ങൾക്ക് പങ്കില്ല രോഷാകുലരായ നാട്ടുകാരാണ് എത്തിയതെന്നാണ് ബിജെപി നിലപാട്. പൊലീസ് എത്തിയാണ് ജനക്കൂട്ടത്തത്തെ പിരിച്ചുവിട്ടത്.
ദുരിതാശ്വാസ സാമഗ്രികൾ ഒളിപ്പിച്ചു വെച്ചെന്ന ആരോപണത്തിന് പുറമെ നിയമവിരുദ്ധമായി കൈയേറിയാണ് ഓഫീസ് നിർമ്മിച്ചതെന്നും കൂട്ടമായി എത്തിയവർ പറഞ്ഞു. പ്രകോപിതരായ ജനക്കൂട്ടം ഓഫീസിന്റെ ജനൽച്ചില്ലുകളും നെയിംബോർഡുകളും അടിച്ചുതകർത്തു. എന്നാൽ, സംസ്ഥാനത്തുണ്ടായ ഭരണമാറ്റമാണ് ഈ അക്രമത്തിന് പിന്നിലെന്ന് എംപി ബാപി ഹൽദാർ ആരോപിച്ചു. പാർട്ടി ഓഫീസിൽ നിയമവിരുദ്ധമായി ഒന്നും തന്നെ സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന പ്രളയസാഹചര്യങ്ങളിൽ നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി വിതരണം ചെയ്യാൻ തങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങിയ ദുരിതാശ്വാസ സാമഗ്രികളാണ് ഓഫീസിൽ ഉണ്ടായിരുന്നതെന്നാണ് എംപിയുടെ വിശദീകരണം.
അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ ബിജെപി ഈ ആരോപണം നിഷേധിച്ചു. ഈ സംഭവത്തിൽ തങ്ങളുടെ പ്രവർത്തകർക്ക് യാതൊരുവിധ പങ്കുമില്ലെന്നും, ദുരിതാശ്വാസ സാമഗ്രികൾ പൂഴ്ത്തിവെച്ചതിനെതിരെ സാധാരണക്കാരായ ഗ്രാമവാസികളാണ് പ്രതിഷേധിച്ചതെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങളും അക്രമങ്ങളും തുടരുകയാണ്.
Adjust Story Font
16
