'ഞാനിവിടെ കിടക്കുന്നുണ്ട്'; ഭക്ഷണവുമായി എത്തിയ സ്വിഗ്ഗി ഡെലിവറി ബോയ് ഓര്‍ഡര്‍ ചെയ്തയാളെ കണ്ട് ഞെട്ടി!
ഡെലിവറി ഏജന്‍റ് സ്ഥലത്തെത്തുന്നതും ഓര്‍ഡര്‍ ചെയ്തയാളെ തിരയുന്നതും കാണാം

ഡൽഹി: വഴിയരികിൽ ഇരുന്ന് പണം യാചിക്കുന്ന ഭിക്ഷക്കാരെ കാണുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് അവർ ദരിദ്രരും, വീടില്ലാത്തവരും സാങ്കേതിക പരിജ്ഞാനമില്ലാത്തവരുമാണെന്നായിരിക്കും. എന്നാൽ സോഷ്യൽമീഡിയയിൽ വൈറലായ ഈ വീഡിയോ യാചകരെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ തെറ്റായ ധാരണകളും മാറ്റിമറിക്കും.
റോഡരികിൽ കിടക്കുന്ന ഒരു യാചകൻ സ്വിഗ്ഗിയിൽ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്ന് അതുമായി എത്തിയ ഡെലിവറി ബോയ് എത്തുന്നതും യാചകനെ കണ്ട് അയാൾ ഞെട്ടുന്നതുമാണ് വീഡിയോയിലുള്ളത്. ഡെലിവറി ഏജന്‍റ് സ്ഥലത്തെത്തുന്നതും ഓര്‍ഡര്‍ ചെയ്തയാളെ തിരയുന്നതും കാണാം. അപ്പോൾ ഞാനിവിടെ കിടക്കുന്നുണ്ടെന്ന് ഒരാൾ ഇരുട്ടിൽ നിന്നും മറുപടി പറയുന്നുണ്ട്. നോക്കുമ്പോൾ വഴിയരികിലെ ഒരു മൂലയിൽ പുതച്ചുമൂടി കിടക്കുന്ന ഭിക്ഷക്കാരനെയാണ് ഡെലിവറി ഏജന്‍റ് കണ്ടത്.
സംശയം തോന്നിയ ഡെലിവറി ബോയ് ഇത് നിങ്ങൾ തന്നെ ഓര്‍ഡര്‍ ചെയ്തതാണോ എന്ന് ചോദിച്ചത് യാചകനെ ചൊടിപ്പിച്ചു. “എനിക്ക് ഓർഡർ ചെയ്യാൻ പറ്റില്ലേ?” എന്ന് തിരിച്ചുചോദിക്കുകയും ചെയ്തു. തുടര്‍ന്ന് യാചകൻ 50 രൂപ ടിപ്പ് നൽകിയപ്പോൾ ഡെലിവറി ഏജന്‍റ് വീണ്ടും ഞെട്ടി. എന്തിനാണ് അധിക പണം നൽകിയതെന്ന് ചോദിച്ചപ്പോൾ "നീ ഇത്രയും തണുപ്പുള്ള സമയത്താണ് ജോലി ചെയ്യുന്നത്'' എന്നായിരുന്നു യാചകന്‍റെ മറുപടി.
നിരവധി പേര്‍ ഈ സംഭവം സ്ക്രിപ്റ്റഡ് ആണെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഒരു വിഭാഗം യാചകനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. ആരാണീ യാചകനെന്നും അദ്ദേഹം ഹൃദയം കൊണ്ട് സമ്പന്നനാണെന്നും കുറിച്ചു.
Adjust Story Font
16

