Quantcast

'രാജ്‌മോഹന് സിനിമാ വകുപ്പ് നൽകിയത് ശരിയായില്ല': വിജയിയോട് വിശാൽ, അതിലൊന്നും ഇടപെടേണ്ടെന്ന് അരുൺ വിജയ്‌

എഗ്‌മൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാജ്മോഹന്‍.

MediaOne Logo
രാജ്‌മോഹന് സിനിമാ വകുപ്പ് നൽകിയത് ശരിയായില്ല: വിജയിയോട് വിശാൽ, അതിലൊന്നും ഇടപെടേണ്ടെന്ന് അരുൺ വിജയ്‌
X

ചെന്നൈ: തമിഴ്നാട്ടില്‍ രാജ്മോഹന്, സിനിമാ വകുപ്പ് നൽകിയതിനെതിരെ നടൻ വിശാൽ. സിനിമ സാങ്കേതികവിദ്യ, സിനിമാട്ടോഗ്രാഫ് നിയമം എന്നീ നിർണായക വകുപ്പുകളാണ് മന്ത്രി രാജ്മോഹന് വിജയ് നല്‍കിയത്.

മേയ് 10ന് അധികാരമേറ്റ വിജയ് മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾക്ക് ശനിയാഴ്ച ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിശാൽ തന്റെ നിലപാട് വ്യക്തമാക്കിയത്. തമിഴ് സിനിമാ ലോകവുമായി പതിറ്റാണ്ടുകളുടെ അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി വിജയ് തന്നെ ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്നതായിരുന്നു കൂടുതൽ അനുയോജ്യമെന്ന് വിശാൽ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. നിലവിൽ തമിഴ് സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അടിയന്തര പരിഷ്കാരങ്ങളും സഹായങ്ങളും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്മോഹനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ വിശാൽ, സിനിമാ മേഖലയിലെ ദീർഘകാലത്തെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഇൻഡസ്ട്രിയിൽ നേരിട്ട് പരിചയസമ്പത്തുള്ള ഒരാളാണ് ആവശ്യമെന്നും വ്യക്തമാക്കി. സിനിമാ പശ്ചാത്തലമുള്ള വിജയ് ഈ വകുപ്പുകൾ ഏറ്റെടുക്കുന്നതായിരുന്നു സ്വാഭാവികമായ തീരുമാനം. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ സിനിമാ നിർമാതാക്കളും പ്രൊഡക്ഷൻ ഹൗസുകളും വലിയൊരു പ്രതീക്ഷയ്ക്കായി കാത്തിരിക്കുകയാണെന്നും വിഷാൽ ഓർമ്മിപ്പിച്ചു.

എഗ്‌മൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാജ്മോഹന്‍. വിദ്യാഭ്യാസം, തമിഴ് വികസനം, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി, പുരാവസ്തു വകുപ്പ്, തമിഴ് സംസ്കാരം എന്നിവയ്ക്കൊപ്പമാണ് സിനിമയുമായി ബന്ധപ്പെട്ട വകുപ്പുകളും നൽകിയിരിക്കുന്നത്. സർക്കാർ നിയന്ത്രിത ടിക്കറ്റ് പ്ലാറ്റ്‌ഫോം, തദ്ദേശ നികുതി ഒഴിവാക്കല്‍, ചെറിയ ബഡ്ജറ്റ് ചിത്രങ്ങൾക്കുള്ള സബ്‌സിഡി എന്നിവയും വിജയിക്ക് മുന്നില്‍ വിശാല്‍ വെച്ചിട്ടുണ്ട്. അതേസമയം വിശാലിന്റെ പരാമർശങ്ങളെ നടൻ അരുൺ വിജയ് വിമർശിച്ചു. സർക്കാർ തീരുമാനങ്ങളിൽ ആളുകൾ ഇടപെടരുതെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമാ മേഖലയിലെ വെല്ലുവിളികളെക്കുറിച്ച് വിജയ്ക്ക് നന്നായി അറിയാമെന്നും വിശാലിന്റെ പേര് എടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു.

TAGS :

Next Story