Quantcast

'കോൺഗ്രസിന് വോട്ട് ചെയ്യുക എന്നതിനർത്ഥം പി.എഫ്.ഐ നിരോധനം പിൻവലിക്കലാണ്'; കർണാടകയിൽ അമിത് ഷാ

''ബി.ജെ.പിയുടേത് ഡബിൾ എഞ്ചിൻ, കോൺഗ്രിസിന്റേത് റിവേഴ്‌സ് ഗിയർ സർക്കാർ''

MediaOne Logo

Web Desk

  • Updated:

    2023-04-25 15:45:12.0

Published:

25 April 2023 3:22 PM GMT

Vote for Congress means rollback of PFI ban; Amit Shah in Karnataka
X

അമിത് ഷാ

വിജയപുര: കോൺഗ്രസ് അധികാരത്തിൽ വന്നാൽ പോപ്പുലർ ഫ്രണ്ട് നിരോധനം പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി കോൺഗ്രസ് പി.എഫ്.ഐയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ കർണാടകയുടെ സുരക്ഷ അതേപടി നിലനിൽക്കുമെന്നും അമിത് ഷാ പറഞ്ഞു. വിജയപുരയിലെ ദേവര ഹിപ്പർഗിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

'സംസ്ഥാനത്ത് തുടർച്ചയായി അക്രമങ്ങൾ നടത്തിയിരുന്ന പി.എഫ്.ഐയെ ഞങ്ങൾ നിരോധിച്ചു.സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ അവരെയെല്ലാം വിഹരിക്കാൻ വിട്ടു. പക്ഷേ, ഞങ്ങൾ അധികാരത്തിൽ വന്നതോടെ അവർ ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് ജയിലിലടച്ചു. ഈ റിവേഴ്‌സ് ഗിയറുള്ള കോൺഗ്രസ് പറയുന്നത് തങ്ങൾ അധികാരത്തിൽ വന്നാൽ പി.എഫ്.ഐയുടെ നിരോധനം പിൻവലിക്കുമെന്നാണ്''- അമിത് ഷാ പറഞ്ഞു.

ഞങ്ങൾ സംവരണത്തിൽ വലിയ മാറ്റം വരുത്തി. കോൺഗ്രസ് കോലാഹലം സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് അന്യായമാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് എന്തിനാണെന്നും അമിത് ഷാ ചോദിച്ചു. ഭരണഘടന മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കുന്നില്ല. എന്നാൽ കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണം നൽകി. ഇപ്പോൾ ബിജെപി സർക്കാർ അത് ഒഴിവാക്കി. പകരം ലിംഗായത്ത്, വൊക്കലിഗകൾ, മറ്റ് സമുദായങ്ങൾ എന്നിവർക്ക് സംവരണം നൽകിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലീങ്ങൾക്ക് വീണ്ടും സംവരണം തിരികെ നൽകുമെന്നും ലിംഗായത്തുകൾ, വൊക്കലികൾ, എസ്സി/എസ്ടി എന്നിവരിൽ നിന്ന് സംവരണം എടുത്തുകളയുമെന്നും കോൺഗ്രസ് പറയുന്നു. പക്ഷേ വിഷമിക്കേണ്ട. കോൺഗ്രസ് അധികാരത്തിൽ വരില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ബി.ജെ.പിയുടേത് ഡബിൾ എഞ്ചിൻ സർക്കാരാണെങ്കിൽ കോൺഗ്രസിന്റേത് റിവേഴ്സ് ഗിയർ സർക്കാരാണ്. വികസനത്തിന് തടസ്സമാകുന്ന സർക്കാരുകൾക്ക് സംസ്ഥാനത്തിന്റെ ചുമതല നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''ഒരു വശത്ത് പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും 'ഇരട്ട എഞ്ചിൻ' സർക്കാരും മറുവശത്ത് കോൺഗ്രസിന്റെ 'റിവേഴ്‌സ് ഗിയർ' സർക്കാരുമാണ്. ബിജെപി സർക്കാർ പ്രവർത്തിക്കുന്നിടത്തെല്ലാം കോൺഗ്രസ് അതിന്റെ 'റിവേഴ്സ് ഗിയർ' ഉപയോഗിക്കുന്നു,'- അമിത് ഷാ പറഞ്ഞു. കർണാടകയുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് താമര വിരിയിക്കണമെന്നും അമിത് ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കും. കർണാടകയിൽ മെയ് 10 ന് വോട്ടെടുപ്പും മെയ് 13 ന് വോട്ടെണ്ണലും നടക്കും.

TAGS :

Next Story