തെരഞ്ഞെടുപ്പില്‍ സ്റ്റാലിനെ അട്ടിമറിച്ച നേതാവ്; തമിഴ്‌നാട് എംഎല്‍എ വി.എസ് ബാബു അന്തരിച്ചു
8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി.എസ് ബാബു എം.കെ സ്റ്റാലിനെ അട്ടിമറിച്ചിരുന്നത്

ചെന്നൈ: തമിഴ്‌നാട്ടിലെ ടിവികെ നേതാവും, കൊളത്തൂര്‍ എംഎല്‍എയുമായ വി.എസ് ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അന്ത്യം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ അട്ടിമറിച്ചാണ് വി.എസ് ബാബു എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയം.
ചെന്നൈയിലെ നഗര രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാവായിരുന്നു വി.എസ് ബാബു. 75 വയസുകാരനായ അദ്ദേഹം മുന്‍പ് ഡിഎംകെയിലും എഐഎഡിഎംകെയിലും പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. 2006 മുതല്‍ 2011 വരെ പുരസൈവാക്കം എംഎല്‍എ ആയിരുന്ന അദ്ദേഹം, ഉത്തര ചെന്നൈയിലെ ഡിഎംകെയുടെ കരുത്തുറ്റ ജില്ലാ സെക്രട്ടറിയുമായിരുന്നു. വ്യക്തിപരമായ പബ്ലിസിറ്റി നേടുന്നതിലുപരി, സാധാരണക്കാരുമായി നേരിട്ട് ഇടപഴകിയും മണ്ഡലത്തിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുമാണ് അദ്ദേഹം ജനകീയനായത്. അടിസ്ഥാന വികസനങ്ങളില്‍ ഊന്നിയുള്ള അദ്ദേഹത്തിന്റെ ശൈലി കൊളത്തൂരിലെ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
ബാബുവും സ്റ്റാലിനും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2011ല്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ സ്റ്റാലിന്‍ ആദ്യമായി മത്സരിക്കുമ്പോള്‍ അവിടുത്തെ തെരഞ്ഞെടുപ്പ് ചുമതല വി.എസ് ബാബുവിനായിരുന്നു. അന്ന് സ്റ്റാലിന്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ പാര്‍ട്ടി ബാബുവിനെ ചോദ്യം ചെയ്യുകയും പിന്നീട് അദ്ദേഹം പാര്‍ട്ടി വിടുകയും ചെയ്തിരുന്നു. പിന്നീട് എഐഎഡിഎംകെയില്‍ ചേര്‍ന്ന അദ്ദേഹം, ഈ വര്‍ഷം ഫെബ്രുവരിയിലാണ് നടന്‍ വിജയ്യുടെ ടിവികെയില്‍ (തമിഴക വെട്രി കഴകം) ചേരുന്നത്.
എഐഎഡിഎംകെയുടെ പി. സന്താന കൃഷ്ണന്‍ ഉള്‍പ്പെട്ട ത്രികോണ പോരാട്ടത്തില്‍, ഗ്രൗണ്ട് ലെവലില്‍ വിയര്‍പ്പൊഴുക്കിയാണ് ബാബു ഈ നേട്ടം കൈവരിച്ചത്. 2021ല്‍ 70,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന സ്റ്റാലിന് ഇത്തവണ അടിതെറ്റി. 22 റൗണ്ടുകള്‍ നീണ്ട വോട്ടെണ്ണലിനൊടുവില്‍ ബാബു 80,000ത്തിലധികം വോട്ടുകള്‍ നേടിയപ്പോള്‍ സ്റ്റാലിന് 72,000 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. ശക്തമായ ബൂത്ത് തല പ്രവര്‍ത്തനവും ജനങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കവുമാണ് പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി ഈ വമ്പന്‍ വിജയം നേടാന്‍ അദ്ദേഹത്തെ സഹായിച്ചിരുന്നത്.
Adjust Story Font
16

