ഒരുകുടുംബത്തിലെ നാലുപേരുടെ മരണം: വിപണിയില്‍ നിന്ന് തണ്ണിമത്തൻ 'അപ്രത്യക്ഷമായി'; സാമ്പിളുകൾ കണ്ടെത്താനാകാതെ അന്വേഷണ ഉദ്യോഗസ്ഥർ
രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെയാണ് ദമ്പതികൾക്കും പെൺമക്കൾക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്

- Published:
30 April 2026 5:56 PM IST

മുംബൈ: ദക്ഷിണ മുംബൈയിലെ പൈധുനിയിൽ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ദമ്പതികളും അവരുടെ രണ്ട് പെൺമക്കളും മരിച്ച സംഭവത്തിന് പിന്നാലെ വിപണികളില്‍ നിന്ന് തണ്ണിമത്തൻ അപ്രത്യക്ഷമായി. ഈ മാസം 27നായിരുന്നു ദുരൂഹമായ കൂട്ടമരണം നടന്നത്. പൈധുനിയിലെ മാർക്കറ്റുകളിൽ നിന്ന് തണ്ണിമത്തൻ വിൽപനക്കാർ കൂട്ടത്തോടെ അപ്രത്യക്ഷമായതായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
നാലുപേരുടെ മരണം ദക്ഷിണ മുംബൈയുടെ ചില ഭാഗങ്ങളിൽ പരിഭ്രാന്തി പടർന്നിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ പ്രാദേശിക വിപണികളിൽ ദൃശ്യമാകുന്നത്. എന്നാല്‍ കുടുംബം കഴിച്ചെന്ന് കരുതുന്ന തണ്ണിമത്തന്റെ സാമ്പിളുകൾ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
പൈധുനി സ്വദേശിയായ അബ്ദുള്ള ദൊകാഡിയ (40), ഭാര്യ നസീം (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെയാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഛർദ്ദിയെത്തുടർന്ന് അബോധാവസ്ഥയിലായ നാലുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ എല്ലാവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണകാരണം തണ്ണിമത്തനാണെന്ന സംശയം ഉയർന്നതോടെ, സാമ്പിളുകൾ ശേഖരിക്കാനായി എഫ്.ഡി.എ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും വിപണിയിൽ ഒരിടത്തും തണ്ണിമത്തൻ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ച മുതൽ ഉദ്യോഗസ്ഥർ പ്രദേശത്ത് ദിവസേന പരിശോധന നടത്തുന്നുണ്ടെങ്കിലും വിൽപനക്കാരെല്ലാം കടകൾ അടച്ചു മുങ്ങിയിരിക്കുകയാണ്. തണ്ണിമത്തൻ വിൽപനക്കാർ ബോധപൂർവ്വം മാറിനിൽക്കുകയാണോ അതോ അധികൃതരുടെ നടപടി ഭയന്നാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇതൊരു വിചിത്രമായ കേസാണെന്നും ബിരിയാണിയും തണ്ണിമത്തനും കഴിച്ചതുകൊണ്ട് മാത്രം ഇത്തരമൊരു ദുരന്തം സംഭവിച്ചതായി മുൻപ് റിപ്പോർട്ടുകളില്ലെന്ന് എന്ന് ഒരു എഫ്ഡിഎ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ദി ഇന്ത്യൻ എക്‍സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കുടുംബം തണ്ണിമത്തൻ വാങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ ബന്ധുക്കളോട് അന്വേഷിച്ചെങ്കിലും അവർക്കും കൃത്യമായ വിവരം നൽകാനായില്ല. നിലവിൽ കുടുംബം കഴിച്ച ഭക്ഷണത്തിന്റെ ബാക്കി ഭാഗങ്ങൾ ലാബ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നാൽ മാത്രമേ വിഷാംശം ഉള്ളിൽ ചെന്നതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാവുകയുള്ളൂ.
മരണങ്ങൾ സമീപത്തെ വിപണികളിലെ തണ്ണിമത്തൻ വിൽപ്പനയെ സാരമായി ബാധിച്ചിട്ടുണ്ട് . ക്രോഫോർഡ് മാർക്കറ്റിലെയും ബൈക്കുല്ലയിലെയും തണ്ണിമത്തന്‍ വില്‍പ്പന കുറഞ്ഞിട്ടുണ്ടെന്ന് കടക്കാര്‍ പറയുന്നു. ജ്യൂസ് സെന്ററുകളും പ്രതിസന്ധിയിലാണ്. തണ്ണിമത്തൻ ജ്യൂസിന്റെ ഓർഡറുകൾ ഏകദേശം 50% കുറഞ്ഞതായി റിപ്പോർട്ടുണ്ട്. തെറ്റായ വിവരങ്ങളും പരിഭ്രാന്തിയും ബിസിനസിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ചില കച്ചവടക്കാര്‍ പറയുന്നു.
Adjust Story Font
16
