തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥ പദവികളിൽ അഴിച്ചുപണിയുമായി തെരഞ്ഞെടുപ്പ് കമീഷൻ
ബിജെപിക്ക് വേണ്ടിയാണ് പുലർച്ചെ നാലിന് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തവിറക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി

- Updated:
2026-03-17 08:27:17.0

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥ പദവികളിൽ പുലർച്ചെ അഴിച്ചുപണിയുമായി തെരഞ്ഞെടുപ്പ് കമീഷൻ. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, കൊൽക്കത്ത പൊലീസ് കമീഷണർ എന്നിവരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്.
ബിജെപിക്ക് വേണ്ടിയാണ് പുലർച്ചെ നാലിന് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തവിറക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ തെരഞ്ഞെടുപ്പ് അവലോകനത്തിന് ശേഷമാണ് പദവികളിൽ മാറ്റങ്ങൾ വരുത്തിയതെന്ന് കമീഷൻ വിശദീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിക്ക് പകരം ദുഷ്യന്ത് നരിയാലയെയാണ് നിയമിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറി ജഗദീഷ് പ്രസാദ് മീണക്ക് പകരം സംഘമിത്ര ഘോഷിനെയും നിയമിച്ചു. വിവിധ പദവികളിലുണ്ടായിരുന്ന സിദ്ധ് നാഥ് ഗുപ്ത, നടരാജ് രമേഷ് ബാബു, അജയ് മുകന്ദ്, അജയ് കുമാർ നന്ദ് എന്നിവരെയും സ്ഥലം മാറ്റി.
അതേസമയം, തെരഞ്ഞെടുപ്പ് കമീഷന്റ നടപടിയിൽ പ്രതിഷേധിച്ച് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തിങ്കളാഴ്ച രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ എതിരാളികളായ ബിജെപി, സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് തൃണമൂൽ എംപി ശതാബ്ദി റോയ് ആരോപിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണെന്നും സഭയിൽ അതിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഉചിതമല്ലെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ഏപ്രിൽ 23, 29 തിയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ.
Adjust Story Font
16
