Quantcast

ആഭ്യന്തര സെക്രട്ടറിയെ വിട്ടുനൽകാനാവില്ല; തെരഞ്ഞെടുപ്പ് നിരീക്ഷക പട്ടികയിൽ ഉടക്കി ബംഗാളും തെരഞ്ഞെടുപ്പ് കമ്മീഷനും

തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തം നിലയിൽ 25 ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്

MediaOne Logo
ആഭ്യന്തര സെക്രട്ടറിയെ വിട്ടുനൽകാനാവില്ല; തെരഞ്ഞെടുപ്പ് നിരീക്ഷക പട്ടികയിൽ ഉടക്കി ബംഗാളും തെരഞ്ഞെടുപ്പ് കമ്മീഷനും
X

കൊൽക്കത്ത: പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിശ്ചയിച്ച കേന്ദ്ര നിരീക്ഷകരുടെ പട്ടികയിൽ മാറ്റം ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കമ്മീഷൻ തിരഞ്ഞെടുത്ത 15 ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒൻപത് പേരെ ഒഴിവാക്കണമെന്നും പകരം പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.

സംസ്ഥാന ആഭ്യന്തര സെക്രട്ടറി ജഗദീഷ് പ്രസാദ് മീന, ഹൗറ, അസൻസോൾ പൊലീസ് കമ്മീഷണർമാരും പട്ടികയിലുണ്ട്. ഭരണപരമായ അനിവാര്യതകളും ഔദ്യോഗിക തിരക്കുകളും കാരണം ഉദ്യോഗസ്ഥരെ വിട്ടു നൽകാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. ഒമ്പത് പേർക്ക് പകരമുള്ള പട്ടികയും വ്യാഴാഴ്ച സംസ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. നിരീക്ഷകരായി നിയമിക്കാനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ പലതവണ സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ അതിന് തയ്യാറായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയമിക്കപ്പെടുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ നിർബന്ധിത ബ്രീഫിംഗ് സെഷനുകളിൽ പങ്കെടുക്കണമെന്ന് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തം നിലയിൽ 25 ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. 15 ഐഎഎസ് ഉദ്യോഗസ്ഥരും 10 ഐപിഎസ് ഉദ്യോഗസ്ഥരുമാണ് പട്ടികയിലുള്ളത്. സംസ്ഥാന സർക്കാർ ഇപ്പോൾ നൽകിയ പുതിയ നിർദേശം പരിശോധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story